പ്രസാദ് തീയാടിക്കല്‍
ഐഡഹോ: അമേരിക്കയിലെ ഐഡഹോ സംസ്ഥാനത്തെ ട്വിന്‍ ഫാള്‍സിലുള്ള ഇന്‍-എന്‍-ഔട്ട് ബര്‍ഗര്‍ റസ്റ്റോറന്റില്‍ നടന്ന കൂട്ട വെടിവെപ്പിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ ട്വിന്‍ ഫാള്‍സ് പൊലീസ് പുറത്തുവിട്ടു. ഓഗസ്റ്റ് 1-ന് നടന്ന ആക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെടുകയും ഏഴ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സംഭവത്തിന് പിന്നിലെ വ്യക്തമായ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.
24-കാരനായ ചാഡ് വില്ല്യംസ് ഒറ്റയ്ക്കാണ് ആക്രമണം നടത്തിയതെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. പുറത്തുവിട്ട വീഡിയോയില്‍ ഡ്രൈവ്-ത്രൂ പേയ്‌മെന്റ് വിന്‍ഡോയ്ക്ക് സമീപമെത്തിയ ഇയാള്‍ ആദ്യം ജീവനക്കാരിയായ ആഷ്‌ലി ഗാരിബേ (23)യെ വെടിവെച്ച് കൊലപ്പെടുത്തുന്നതും തുടര്‍ന്ന് വാഹനം പാര്‍ക്ക് ചെയ്ത് മറ്റൊരു വാഹനത്തിലുണ്ടായിരുന്ന ഒരാളെ വെടിവെക്കുന്നതും കാണാം.
പരിക്കേറ്റ സഹപ്രവര്‍ത്തകയ്ക്ക് മറ്റ് ജീവനക്കാര്‍ സഹായം നല്‍കുന്നതിനിടെ പ്രതി വീണ്ടും പേയ്‌മെന്റ് വിന്‍ഡോയിലൂടെ വെടിയുതിര്‍ക്കുന്നതും, കൈത്തോക്ക് ജാം ആയതിനെ തുടര്‍ന്ന് കാറില്‍ നിന്ന് റൈഫിള്‍ എടുത്ത് വീണ്ടും ആക്രമണം തുടരുന്നതും ദൃശ്യങ്ങളിലുണ്ട്.
വെടിവെപ്പിനിടെ റസ്റ്റോറന്റിനുള്ളില്‍ ഭീതിയിലായ ജീവനക്കാര്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതും, ഡ്യൂട്ടിക്ക് പുറത്തായിരുന്ന ഒരു സ്റ്റേറ്റ് ട്രൂപ്പര്‍ ആളുകളെ സുരക്ഷിതമായി പുറത്തേക്ക് നയിക്കുന്നതും സിസിടിവിയില്‍ വ്യക്തമാണ്. തുടര്‍ന്ന് പ്രതി റൈഫിളുമായി തിരിച്ചെത്തി ഉപഭോക്താക്കള്‍ക്കുനേരെയും വെടിയുതിര്‍ക്കുകയായിരുന്നു.
ഇതിനിടെ കൈത്തോക്കുമായി എത്തിയ ഒരു സന്നദ്ധ പൗരനും (Good Samaritan) ഡ്യൂട്ടിക്ക് പുറത്തായിരുന്ന പൊലീസ് ഉദ്യോഗസ്ഥനും ചേര്‍ന്ന് പ്രതിയെ നേരിട്ടത് കൂടുതല്‍ നാശനഷ്ടങ്ങള്‍ ഒഴിവാക്കാന്‍ സഹായിച്ചതായി പൊലീസ് വ്യക്തമാക്കി. പിന്നീട് പ്രതി സ്വയം വെടിവെച്ച് മരിക്കുകയായിരുന്നു.
സംഭവത്തില്‍ കൊല്ലപ്പെട്ടവരെ ആഷ്‌ലി ഗാരിബേ (23), ഡെയില്‍ ഷുള്‍ട്‌സ് (66), ക്രിസ്റ്റഫര്‍ ക്ലോഞ്ച് (59) എന്നിവരായി പൊലീസ് തിരിച്ചറിഞ്ഞു.
ട്വിന്‍ ഫാള്‍സ് പൊലീസ് മേധാവി മാത്യു ഹിക്‌സ് അറിയിച്ചു: അടിയന്തര കോള്‍ ലഭിച്ച് മൂന്ന് മിനിറ്റിനകം ആദ്യ പൊലീസ് സംഘം സ്ഥലത്തെത്തിയെങ്കിലും, ആക്രമണത്തില്‍ ഒരാള്‍ മാത്രമാണ് ഉള്‍പ്പെട്ടതെന്ന് ഉറപ്പിക്കാന്‍ ഏകദേശം 90 മിനിറ്റ് എടുത്തു. അതിനിടെ നഗരത്തിലെ മറ്റ് ഭാഗങ്ങളിലും സജീവ വെടിവെപ്പുകാരുണ്ടെന്ന നിരവധി വ്യാജ റിപ്പോര്‍ട്ടുകള്‍ ലഭിച്ചതിനാല്‍ പൊലീസ് സേനയുടെ ശ്രദ്ധ പല സ്ഥലങ്ങളിലായി തിരിക്കേണ്ടിവന്നതായും അദ്ദേഹം പറഞ്ഞു.