പ്രസാദ് തീയാടിക്കല്‍
ഒട്ടാവ: സാമ്പത്തിക വിദഗ്ധരുടെ പ്രതീക്ഷകളെ മറികടന്ന് കാനഡയില്‍ ജൂലൈ മാസത്തില്‍ 75,000 പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചതായി സ്റ്റാറ്റിസ്റ്റിക്‌സ് കാനഡയുടെ പുതിയ തൊഴില്‍ റിപ്പോര്‍ട്ട് വ്യക്തമാക്കി. ഇതോടെ രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 6.4 ശതമാനമായി കുറഞ്ഞു. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന തൊഴിലില്ലായ്മ നിരക്കാണിത്.
മൊത്ത-ചില്ലറ വ്യാപാരം, ധനകാര്യ-ഇന്‍ഷുറന്‍സ്, പ്രൊഫഷണല്‍-ശാസ്ത്രീയ സേവന മേഖലകള്‍ എന്നിവയിലാണ് കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉണ്ടായത്. സ്വകാര്യ മേഖലയിലെ നിയമനങ്ങള്‍ വര്‍ധിച്ചതും കാനഡയുടെ തൊഴില്‍ വിപണിക്ക് കരുത്തേകിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
അമേരിക്കന്‍ വ്യാപാര സമ്മര്‍ദങ്ങളും ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങളും നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് കാനഡയുടെ തൊഴില്‍ വിപണി പ്രതീക്ഷിച്ചതിനേക്കാള്‍ മികച്ച പ്രകടനം കാഴ്ചവെച്ചത്. ഈ റിപ്പോര്‍ട്ട് രാജ്യത്തിന്റെ സാമ്പത്തിക വീണ്ടെടുപ്പിന് അനുകൂല സൂചനയാണെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍.