ഷിക്കാഗോയില്‍ ഇന്ത്യന്‍ ത്രിവര്‍ണം ഉയര്‍ന്നു; സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ക്ക് ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ അസോസിയേഷന്‍സ് തുടക്കമിട്ടു

By: 600002 On: Aug 10, 2026, 9:42 AM




പ്രസാദ് തീയാടിക്കല്‍

ഷിക്കാഗോ: ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ അസോസിയേഷന്‍സ് (FIA) ഷിക്കാഗോയുടെ നേതൃത്വത്തില്‍ ആഗസ്റ്റ് 6-ന് ഡൗണ്‍ടൗണ്‍ ഷിക്കാഗോയിലെ ഡാലി പ്ലാസയില്‍ ഇന്ത്യന്‍ ദേശീയപതാക ഉയര്‍ത്തി രണ്ടാഴ്ച നീളുന്ന ആഘോഷങ്ങള്‍ക്ക് തുടക്കമായി.

ഇന്ത്യന്‍ കോണ്‍സുള്‍ ജനറല്‍ സോമനാഥ് ഘോഷ്, എകഅ പ്രസിഡന്റ് ഹേമന്ത് പട്ടേല്‍, സംഘടനാ ഭാരവാഹികള്‍, അമേരിക്കന്‍ ജനപ്രതിനിധികള്‍, വിവിധ ഇന്ത്യന്‍ സംഘടനകളുടെ പ്രതിനിധികള്‍, നൂറുകണക്കിന് ഇന്ത്യന്‍-അമേരിക്കന്‍ സമൂഹാംഗങ്ങള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ഇന്ത്യന്‍ ത്രിവര്‍ണം അമേരിക്കന്‍ ദേശീയപതാകയ്ക്കൊപ്പം പാറിയുയര്‍ന്നത് ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സൗഹൃദത്തിന്റെയും ജനാധിപത്യ മൂല്യങ്ങളുടെയും പ്രതീകമായി. ചടങ്ങില്‍ ദേശീയഗാനങ്ങള്‍, ദേശഭക്തിഗാനങ്ങള്‍, സാംസ്‌കാരിക പരിപാടികള്‍ എന്നിവയും അരങ്ങേറി.

FIA ഷിക്കാഗോയുടെ സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ഓഗസ്റ്റ് 15-ന് തിരംഗ കാര്‍ റാലി, ഓഗസ്റ്റ് 16-ന് പാട്രിയോട്ടിക് ഗാല, ഓഗസ്റ്റ് 23-ന് ഇന്ത്യ ഡേ പരേഡ് എന്നിവയും സംഘടിപ്പിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.