എഡ്മൻ്റണിൽ ഇന്ത്യൻ വംശജനായ ലിക്വർ ഷോപ്പ് ഉടമയുടെ കൊലപാതകത്തിൽ 22-കാരനെ അറസ്റ്റ് ചെയ്ത് പൊലീസ്

By: 600110 On: Aug 8, 2026, 12:13 PM

കാനഡയിലെ എഡ്മൻ്റണിൽ ഇന്ത്യൻ വംശജനായ  ലിക്വർ ഷോപ്പ് ഉടമ കൊല്ലപ്പെട്ട സംഭവത്തിൽ 22-കാരനെ അറസ്റ്റ് ചെയ്തു. ക്രോംഡേലിൽ 'കണക്ട് ലിഖർ' എന്ന സ്ഥാപനം നടത്തിവന്നിരുന്ന സുഖ്ജിത് രൺധാവ കൊല്ലപ്പെട്ട സംഭവത്തിലാണ് നിക്കോളാസ് ബട്ട്‌ലർ-ചോവസ് എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ 112-ാം അവന്യൂവിന് സമീപമാണ് ഗുരുതരമായി പരിക്കേറ്റ നിലയിൽ സുഖ്ജിതിനെ പൊലീസ് കണ്ടെത്തുന്നത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് നടത്തിയ പോസ്റ്റ്‌മോർട്ടത്തിൽ കൊലപാതകമാണെന്ന് തെളിഞ്ഞു. എന്നാൽ അന്വേഷണത്തെ ബാധിക്കുമെന്നതിനാൽ മരണകാരണം പൊലീസ് പുറത്തുവിട്ടിട്ടില്ല.

പ്രാദേശികമായി 'സണ്ണി' എന്ന് വിളിക്കപ്പെടുന്ന സുഖ്ജിതിന്റെ മരണം എഡ്മൻ്റണിലെ ഏഷ്യൻ സമൂഹത്തിനിടയിൽ വലിയ ഞെട്ടലുണ്ടാക്കിയിട്ടുണ്ട്. ഇദ്ദേഹത്തിൻ്റെ നിര്യാണത്തിൽ വ്യാപാരി വ്യവസായി സമൂഹവും അനുശോചനം രേഖപ്പെടുത്തി. സംശയമുള്ള മറ്റാരെയും നിലവിൽ തിരയുന്നില്ലെന്ന് എഡ്മൻ്റൺ പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.

അറസ്റ്റിലായ നിക്കോളാസിന് വലിയ കുറ്റകൃത്യ പശ്ചാത്തലമുണ്ടെന്ന് കോടതി രേഖകൾ വ്യക്തമാക്കുന്നു. പൊലീസിൻ്റെ കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയതിന് കഴിഞ്ഞ മാസം ഇയാൾക്കെതിരെ അറസ്റ്റ് വാറൻ്റ് പുറപ്പെടുവിച്ചിരുന്നു. കൂടാതെ, കഴിഞ്ഞ വർഷം രണ്ടുപേരെ ആക്രമിച്ച കേസിൽ ഇയാൾ 45 ദിവസം തടവുശിക്ഷയും അനുഭവിച്ചിട്ടുണ്ട്. കൊല്ലപ്പെട്ട സുഖ്ജിതിൻ്റെ മൃതദേഹം ഓഗസ്റ്റ് 12-ന് സംസ്കരിക്കും.