കാലിഫോർണിയയിലെ ഓക്‌ലൻഡിൽ പത്ത് വയസ്സിൽ താഴെയുള്ള കുട്ടി ഓടിച്ച കാറിടിച്ച് നായയുമായി നടക്കാനിറങ്ങിയ സ്ത്രീക്ക് ഗുരുതരമായി പരിക്കേറ്റു. വ്യാഴാഴ്ച രാവിലെ ഒൻപതരയോടെയാണ് സംഭവം. റോഡിലെ ക്രോസ്‌വാക്കിലൂടെ നായയുമായി നടന്നുപോകുകയായിരുന്ന സ്ത്രീയെയാണ് കുട്ടി ഓടിച്ച വാഹനം ഇടിച്ചുതെറിപ്പിച്ചത്.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സ്ത്രീയെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണെന്ന് പോലീസ് അറിയിച്ചു. വെള്ള ടൊയോട്ട കാമ്രി കാറാണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവിംഗ് സീറ്റിലുണ്ടായിരുന്ന കുട്ടിയെ കൂടാതെ പത്ത് വയസ്സിൽ താഴെയുള്ള മറ്റൊരു കുട്ടി കൂടി കാറിലുണ്ടായിരുന്നു. അപകടത്തിന് ശേഷം ഇരു കുട്ടികളെയും വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി. ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണ്.
എതിർദിശയിൽ വന്ന മറ്റൊരു വാഹനത്തിൽ ഇടിച്ച ശേഷം കാർ നിയന്ത്രണം വിട്ട് ക്രോസ്‌വാക്കിലുണ്ടായിരുന്ന സ്ത്രീയെ ഇടിക്കുകയായിരുന്നു. അപകടസമയത്ത് ഭയന്നോടിയ ഇവരുടെ വളർത്തുനായയെ പിന്നീട് പരിക്കുകളൊന്നുമില്ലാതെ കണ്ടെത്തി.
കുട്ടികൾക്ക് എങ്ങനെയാണ് കാറിൻ്റെ താക്കോൽ ലഭിച്ചതെന്നോ വാഹനം ആരുടേതാണെന്നോ ഉള്ള വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. കുട്ടികളുടെ മാതാപിതാക്കളെ ബന്ധപ്പെട്ടിട്ടുണ്ടെന്നും അന്വേഷണത്തോട് അവർ സഹകരിക്കുന്നുണ്ടെന്നും പോലീസ് വ്യക്തമാക്കി. സംഭവത്തിൽ ഓക്‌ലൻഡ് പോലീസ് ഡിപ്പാർട്ട്‌മെൻ്റിൻ്റെ ട്രാഫിക് ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.