40,000 ഡോളറിൽ താഴെ വിലയുള്ള ഇ.വി കളത്തിലിറക്കാൻ ഫോർഡ്; ചൈനീസ് വെല്ലുവിളിയെ പ്രതിരോധിക്കാൻ പുതിയ തന്ത്രം

By: 600110 On: Aug 8, 2026, 11:34 AM

കുറഞ്ഞ വിലയിൽ ഇലക്ട്രിക് വാഹനങ്ങൾ വിപണിയിലെത്തിച്ച് വമ്പൻ തിരിച്ചുവരവിന് ഒരുങ്ങുകയാണ് പ്രമുഖ വാഹന നിർമ്മാണ കമ്പനിയായ ഫോർഡ്. ചെലവ് കുറഞ്ഞ ഇ.വികൾ എന്ന ഉപഭോക്താക്കളുടെ ആവശ്യത്തിന് മറുപടിയായി 40,000 കനേഡിയൻ ഡോളറിൽ താഴെ മാത്രം വിലവരുന്ന പുതിയ മിഡ്-സൈസ് ഇ.വി പിക്കപ്പ് ട്രക്കാണ് കമ്പനി പുറത്തിറക്കാൻ ഒരുങ്ങുന്നത്.

'ഫോർഡ് ഫാത്തം'  എന്ന് പേരിട്ടിരിക്കുന്ന ഈ പുതിയ ട്രക്കിന് യു.എസിൽ ഏകദേശം 28,000 ഡോളറോളമാണ് പ്രതീക്ഷിക്കുന്ന വില. കാനഡയിൽ 4,000 ഡോളറിൻ്റെ ഫെഡറൽ ഇ.വി റീബേറ്റിന് ശേഷം 38,690 കനേഡിയൻ ഡോളറിന് ഇത് ലഭ്യമാകുമെന്ന് ഫോർഡ് വ്യക്തമാക്കി. 2027 ആദ്യത്തോടെ പ്രീ-ഓർഡറുകൾ ആരംഭിക്കുന്ന ഈ വാഹനം അതേ വർഷം അവസാനത്തോടെ ഉപഭോക്താക്കൾക്ക് കൈമാറിത്തുടങ്ങും.

ഇലക്ട്രിക് വാഹന വിപണിയിൽ വമ്പൻ വിപ്ലവം സൃഷ്ടിച്ച 'മോഡൽ ടി' യുടെ ആവർത്തനമായിരിക്കും ഇതെന്നാണ് ഫോർഡ് സി.ഇ.ഒ ജെയിംസ് ഫാർലി ഈ നീക്കത്തെ വിശേഷിപ്പിച്ചത്. സാങ്കേതികവിദ്യയിലും കാര്യക്ഷമതയിലും സൗകര്യങ്ങളിലും മുന്നിട്ടുനിൽക്കുന്ന പുതിയൊരു നിര വാഹനങ്ങളെ വിപണിയിലെത്തിക്കാനുള്ള അവസരമാണിതെന്നും അദ്ദേഹം വ്യക്തമാക്കി. 

ചൈനീസ് കമ്പനിയായ BYD, ഇലോൺ മസ്കിന്റെ ടെസ്‌ല എന്നിവരിൽ നിന്ന് കടുത്ത മത്സരമാണ് ഫോർഡ് നിലവിൽ നേരിടുന്നത്. അടുത്തിടെ ടെസ്‌ലയെ മറികടന്ന് BYD ലോകത്തിലെ ഏറ്റവും വലിയ ഇ.വി വിൽപ്പനക്കാരായി മാറിയിരുന്നു. കൂടാതെ ചൈനീസ് നിർമ്മിത ഇ.വികൾ കനേഡിയൻ വിപണിയിലേക്ക് പ്രവേശിച്ചു തുടങ്ങിയതും ഫോർഡിന് വലിയ വെല്ലുവിളിയാണ്. കുറഞ്ഞ ബാറ്ററി ചെലവിലും നിർമ്മാണ ചെലവിലും ചൈനീസ് കമ്പനികൾ കൈവരിച്ച നേട്ടമാണ് ഫോർഡിനെയും കുറഞ്ഞ വിലയിലുള്ള വാഹനങ്ങൾ നിർമ്മിക്കാൻ പ്രേരിപ്പിച്ചത്.

നേരത്തെ വൻകിട ഇലക്ട്രിക് വാഹനങ്ങൾക്ക് നൽകിയിരുന്ന മുൻഗണന മാറ്റി, കുറഞ്ഞ നിർമ്മാണ ചെലവിലുള്ള പുതിയ ഇ.വി പ്ലാറ്റ്‌ഫോമിലാണ് ഫോർഡ് ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇതിൻ്റെ ഭാഗമായി എഫ്-150 ലൈറ്റ്‌നിങ് പിക്കപ്പ് ട്രക്കിൻ്റെ നിർമ്മാണം കമ്പനി അവസാനിപ്പിച്ചിരുന്നു. നിലവിൽ കാനഡയിലെ ഉപയോഗിച്ച എഫ്-150 ലൈറ്റ്‌നിങ് ട്രക്കുകൾക്ക് പോലും 65,000 ഡോളറോളം വിലയുള്ളപ്പോൾ, 40,000 ഡോളറിന് താഴെ പുതിയൊരു ഇ.വി ട്രക്ക് എത്തുന്നത് വിപണിയിൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കുമെന്നാണ് വിലയിരുത്തൽ.