എഡ്മൻ്റണിലെ മുസ്ലീം ഡേകെയറിന് നേരെ വീണ്ടും വിദ്വേഷ പരാമർശം

By: 600110 On: Aug 8, 2026, 11:19 AM

 

 നോർത്ത് എഡ്മൻ്റണിലുള്ള ഒരു മുസ്ലീം ഡേകെയറിന്  നേരെ ഇസ്‌ലാം വിരുദ്ധ സന്ദേശങ്ങൾ അടങ്ങിയ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. രണ്ട് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് ഇസ്‌ലാം വിരുദ്ധ സന്ദേശങ്ങൾ അടങ്ങിയ ഗ്രാഫിറ്റികൾ പ്രത്യക്ഷപ്പെടുന്നത്. എഡ്മൻ്റൺ ഇസ്‌ലാമിക് അക്കാദമിക്ക് അഭിമുഖമായിട്ടുള്ള അതേ മതിലിൽ തന്നെയാണ് കഴിഞ്ഞ ആഴ്ച  വിദ്വേഷപരമായ വരികൾ സ്പ്രേ പെയിൻ്റ് ചെയ്തത്.

കഴിഞ്ഞ ജൂണിൽ ഇതേ സ്ഥലത്ത് "സ്ത്രീകളെ സംരക്ഷിക്കുക, ഇസ്‌ലാമിനെതിരെ അണിനിരക്കുക" എന്ന് ചുവന്ന അക്ഷരങ്ങളിൽ എഴുതിവെച്ചിരുന്നെങ്കിൽ, ഇത്തവണ പ്രവാചകനെതിരെയുള്ള വിദ്വേഷ പരാമർശങ്ങളാണ് സ്പ്രേ ചെയ്തിരിക്കുന്നത്. മുൻപത്തെ സംഭവം എഡ്മൻ്റൺ പോലീസിലെ ഹേറ്റ് ക്രൈം വിഭാഗം അന്വേഷിച്ചു വരികയാണ്. പുതിയ സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ നൽകാൻ പോലീസ് തയ്യാറായിട്ടില്ല.

നാഷണൽ കൗൺസിൽ ഓഫ് കനേഡിയൻ മുസ്ലീംസിൻ്റെ പ്രതിനിധിയായ സ്റ്റീവൻ ഷൗ ഈ സംഭവങ്ങളിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി. രാജ്യത്തുടനീളം മുസ്ലീം സമൂഹത്തിനെതിരെയുള്ള വിദ്വേഷ അതിക്രമങ്ങളും ഭീഷണികളും അനുദിനം വർധിച്ചുവരികയാണെന്ന് അദ്ദേഹം പറഞ്ഞു. ഓൺലൈൻ വിദ്വേഷ പ്രസംഗങ്ങൾ തടയാനും ക്രമസമാധാനം ഉറപ്പാക്കാനും സർക്കാരും പോലീസും ശക്തമായ നടപടിയെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം, ഇത്തരം വിദ്വേഷ സന്ദേശങ്ങൾ ഇരകളാക്കപ്പെടുന്ന സമൂഹത്തിന് വലിയ ആഘാതമുണ്ടാക്കുമെങ്കിലും, കനേഡിയൻ നിയമവ്യവസ്ഥയിൽ ഇവയെ 'ഹേറ്റ് ക്രൈം' ആയി തെളിയിക്കാൻ നിയമപരമായ പരിമിതികളുണ്ടെന്ന് മക്ഇവാൻ സർവകലാശാലയിലെ ഗവേഷകനായ ഇർഫാൻ ചൗധരി അഭിപ്രായപ്പെട്ടു. വംശീയ അധിക്ഷേപങ്ങൾ അടങ്ങിയ സന്ദേശങ്ങളുടെ ഭാഷയും പശ്ചാത്തലവും അപഗ്രഥിക്കുമ്പോൾ അത് നിയമപരമായി ഹേറ്റ് ക്രൈം പരിധിയിൽ കൊണ്ടുവരാൻ പ്രയാസമാണെങ്കിലും പൊതുമുതൽ നശിപ്പിച്ചതിനും അതിക്രമിച്ചു കയറിയതിനും പോലീസിന് കേസെടുത്ത് അന്വേഷിക്കാനാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.