സ്റ്റാറ്റിസ്റ്റിക്സ് കാനഡയുടെ ഏറ്റവും പുതിയ സർവേ പ്രകാരം കാൽഗറിയിലെ തൊഴിലില്ലായ്മ നിരക്കിൽ കുറവ് രേഖപ്പെടുത്തി. ജൂൺ മാസത്തിൽ 7.1 ശതമാനമായിരുന്ന നിരക്ക് ജൂലൈയിൽ 6.8 ശതമാനമായാണ് താഴ്ന്നത്. നിരക്കിൽ ഇടിവുണ്ടായെങ്കിലും ദേശീയ ശരാശരിയേക്കാൾ ഉയർന്ന നിലയിലാണ് കാൽഗറിയിലെ തൊഴിലില്ലായ്മ ഇപ്പോഴും നിലനിൽക്കുന്നത്.
ആൽബർട്ടയിലെ പ്രധാന നഗരങ്ങളിൽ റെഡ് ഡീറിലാണ് ഏറ്റവും ഉയർന്ന തൊഴിലില്ലായ്മ നിരക്ക് രേഖപ്പെടുത്തിയത്. മുൻമാസത്തെ 7.4 ശതമാനത്തിൽ നിന്ന് 7.6 ശതമാനമായി ഇത് ഉയർന്നു. അതേസമയം എഡ്മണ്ടണിൽ തൊഴിലില്ലായ്മ നിരക്ക് 7.2 ശതമാനത്തിൽ നിന്ന് 6.9 ശതമാനമായി കുറഞ്ഞു. ലെത്ത്ബ്രിഡ്ജിൽ നിരക്ക് 5.5 ശതമാനത്തിൽ നിന്ന് 5.6 ശതമാനമായി ചെറിയ വർധനവ് കാണിച്ചു. ചെറിയ സാമ്പിളുകളെ അടിസ്ഥാനമാക്കിയുള്ള പഠനമായതിനാൽ നഗരതലത്തിലെ ഈ കണക്കുകളിൽ ഏറ്റക്കുറച്ചിലുകൾക്ക് സാധ്യതയുണ്ടെന്ന് സ്റ്റാറ്റിസ്റ്റിക്സ് കാനഡ വ്യക്തമാക്കിയിട്ടുണ്ട്.
ദേശീയതലത്തിൽ കാനഡയുടെ ആകെ തൊഴിലില്ലായ്മ നിരക്ക് ജൂണിലെ 6.5 ശതമാനത്തിൽ നിന്ന് ജൂലൈയിൽ 6.4 ശതമാനമായി കുറഞ്ഞിട്ടുണ്ട്. എന്നാൽ ആൽബർട്ടയുടെ മൊത്തത്തിലുള്ള തൊഴിലുല്ലായ്മ നിരക്ക് മാറ്റമില്ലാതെ 7.0 ശതമാനത്തിൽ തന്നെ തുടരുകയാണ്.