മാനിറ്റോബയിൽ ഉണ്ടായ വലിയ വാഹനാപകടത്തിൽ ഉൾപ്പെട്ട ട്രക്കിംഗ് കമ്പനി ഉൾപ്പെടെ 20 ട്രക്കിംഗ് സ്ഥാപനങ്ങളുടെ പ്രവർത്തനം തടഞ്ഞ് ആൽബർട്ട സർക്കാർ. സുരക്ഷാ മാനദണ്ഡങ്ങൾ നിരന്തരം ലംഘിച്ചതിനെ തുടർന്ന് 'കോൺക്വർ ട്രാൻസ്പോർട്ടേഷൻ ഇൻകോർപ്പറേഷൻ' എന്ന കമ്പനിക്കെതിരെയാണ് കടുത്ത നടപടി സ്വീകരിച്ചതെന്ന് ആൽബർട്ട ഗതാഗത മന്ത്രി ഡെവിൻ ഡ്രീഷൻ വ്യക്തമാക്കി. കഴിഞ്ഞ ഒക്ടോബർ മാസത്തിനു ശേഷം സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ നടത്തിവരുന്ന പരിശോധനയുടെ ഭാഗമായാണ് ഈ നടപടി.
കഴിഞ്ഞ മേയ് മാസത്തിൽ മാനിറ്റോബയിലെ ബ്രാൻഡണിൽ വച്ചാണ് അപകടമുണ്ടായത്. 35-കാരനായ സെമി-ട്രക്ക് ഡ്രൈവർ സ്റ്റോപ്പ് സൈൻ അവഗണിച്ച് വാഹനം ഓടിച്ചതിനെ തുടർന്നുണ്ടായ അപകടത്തിൽ 49-കാരിയായ സ്ത്രീ കൊല്ലപ്പെട്ടിരുന്നു. പരിശോധനയിൽ, ഈ കമ്പനി മുമ്പ് 'കോൺക്വർ ട്രാൻസ്പോർട്ട് ഇൻകോർപ്പറേഷൻ' എന്ന പേരിൽ മാനിറ്റോബയിൽ പ്രവർത്തിച്ചിരുന്നതാണെന്നും, സുരക്ഷാ സർട്ടിഫിക്കറ്റ് റദ്ദാക്കപ്പെട്ടതിനെ തുടർന്ന് പേരിൽ ചെറിയ മാറ്റം വരുത്തി ആൽബർട്ടയിൽ വീണ്ടും രജിസ്റ്റർ ചെയ്യുകയായിരുന്നുവെന്നും മാനിറ്റോബ അധികൃതർ വെളിപ്പെടുത്തി.
നിയമനടപടികളിൽ നിന്നും നിരീക്ഷണങ്ങളിൽ നിന്നും രക്ഷപ്പെടാൻ പേരുമാറ്റിയും പുതിയ സ്ഥാപനങ്ങൾ ഉണ്ടാക്കിയും മറ്റു പ്രവിശ്യകളിലേക്ക് പ്രവർത്തനം മാറ്റുന്ന ഇത്തരം കമ്പനികളെ 'കാമിലിയൻ കരിയറുകൾ' എന്നാണ് പറയുന്നത്. ആൽബർട്ടയിൽ പൂട്ടിപ്പിച്ച 20 കമ്പനികളിൽ 13 എണ്ണവും ഇത്തരത്തിലുള്ളവയാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ഇത്തരം നിയമലംഘനങ്ങൾ തടയാൻ രാജ്യവ്യാപകമായി ട്രക്കിംഗ് ഡാറ്റാബേസ് നടപ്പിലാക്കാനുള്ള നീക്കങ്ങളെ മാനിറ്റോബ ഗതാഗത മന്ത്രി ലിസ നെയ്‌ലർ സ്വാഗതം ചെയ്തു. റോഡ് സുരക്ഷ അതിർത്തികൾക്ക് അപ്പുറത്തേക്ക് ഉറപ്പാക്കേണ്ടതുണ്ടെന്നും അവർ വ്യക്തമാക്കി.