കാലിഫോര്‍ണിയയില്‍ കാണാതായ പഞ്ചാബ് സ്വദേശി ട്രക്ക് ഡ്രൈവര്‍ വെടിയേറ്റ് കൊല്ലപ്പെട്ട നിലയില്‍

By: 600002 On: Aug 8, 2026, 9:33 AM



 

പ്രസാദ് തീയാടിക്കല്‍

കാലിഫോര്‍ണിയ: അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ ട്രക്ക് ഡ്രൈവറായി ജോലി ചെയ്തിരുന്ന പഞ്ചാബ് സ്വദേശിയായ 24-കാരന്‍ ഖുഷ്‌കരണ്‍ദീപ് സിംഗ് (Khushkarandeep Singh) വെടിയേറ്റ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ജൂലൈ 30 മുതല്‍ ഇയാളെ കാണാതായിരുന്നുവെന്നാണ് കുടുംബം അറിയിച്ചത്.

പഞ്ചാബിലെ പട്യാല ജില്ലയിലെ അടലാന്‍ ഗ്രാമം സ്വദേശിയായ ഖുഷ്‌കരണ്‍ദീപ് സിംഗ് ഏകദേശം അഞ്ച് വര്‍ഷം മുമ്പാണ് മികച്ച തൊഴില്‍ അവസരങ്ങള്‍ തേടി അമേരിക്കയിലെത്തിയത്. കാലിഫോര്‍ണിയയില്‍ ട്രക്ക് ഡ്രൈവറായി ജോലി ചെയ്ത് കുടുംബത്തെ സഹായിച്ചുവരികയായിരുന്നു.

ജൂലൈ 30 മുതല്‍ അദ്ദേഹത്തിന്റെ ഫോണ്‍ ബന്ധപ്പെടാനാകാതായതോടെ കുടുംബം അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് കാലിഫോര്‍ണിയ പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവില്‍ വനമേഖലയില്‍ നിന്ന് മൃതദേഹം കണ്ടെത്തി. പ്രാഥമിക അന്വേഷണത്തില്‍ വാഹനത്തില്‍ യാത്ര ചെയ്യുന്നതിനിടെയാണ് അജ്ഞാതര്‍ വെടിവെച്ചതെന്നാണ് സൂചന. സംഭവത്തിന്റെ കാരണം വ്യക്തമല്ലെന്നും പ്രതികളെ കണ്ടെത്താന്‍ അന്വേഷണം തുടരുകയാണെന്നും അധികൃതര്‍ അറിയിച്ചു.

മൃതദേഹം എത്രയും വേഗം ഇന്ത്യയിലെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാരും വിദേശകാര്യ മന്ത്രാലയവും ഇടപെടണമെന്ന് ഖുഷ്‌കരണ്‍ദീപ് സിംഗിന്റെ കുടുംബം അഭ്യര്‍ഥിച്ചിട്ടുണ്ട്.