ഐസിഇസിഎച്ച് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് സമാപിച്ചു; ജോര്‍ജ് മാത്യുവും ജോജി ജോര്‍ജും മെന്‍സ് ഓപ്പണ്‍ ജേതാക്കള്‍

By: 600002 On: Aug 8, 2026, 8:57 AM



 

ജീമോന്‍ റാന്നി (പി.ആര്‍.ഒ.)

ഹൂസ്റ്റണ്‍: ഇന്ത്യന്‍ ക്രിസ്ത്യന്‍ എക്യുമെനിക്കല്‍ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റണ്‍ (ICECH) സംഘടിപ്പിച്ച ആറാമത് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് 2026 ഓഗസ്റ്റ് 1-ന് സ്റ്റാഫോര്‍ഡിലുള്ള ഹൂസ്റ്റണ്‍ ബാഡ്മിന്റണ്‍ സെന്ററില്‍ ആവേശകരമായി നടന്നു. രാവിലെ 8.30-ന് ആരംഭിച്ച മത്സരങ്ങള്‍ വാശിയേറിയ പോരാട്ടങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചുകൊണ്ട് വിജയകരമായി സമാപിച്ചു.

മെന്‍സ് ഓപ്പണ്‍, വിമന്‍സ് ഓപ്പണ്‍, 50 വയസും അതില്‍ കൂടുതലുമുള്ള സീനിയേഴ്‌സ് (50+) ഡബിള്‍സ് വിഭാഗങ്ങളിലായി മത്സരങ്ങള്‍ നടന്നു. വിജയികള്‍ക്ക് എവര്‍ റോളിംഗ് ട്രോഫികളും വ്യക്തിഗത ട്രോഫികളും സമ്മാനിച്ചു. കൂടാതെ Best Player, Rising Star എന്നീ പ്രത്യേക പുരസ്‌കാരങ്ങളും വിതരണം ചെയ്തു.

ഹൂസ്റ്റണിലെ വിവിധ ക്രൈസ്തവ ഇടവകകളെ പ്രതിനിധീകരിച്ച് 16 ടീമുകളാണ് ടൂര്‍ണമെന്റില്‍ പങ്കെടുത്തത്. മത്സരാര്‍ത്ഥികള്‍ക്കൊപ്പം കുടുംബാംഗങ്ങളും കായികപ്രേമികളും വലിയ തോതില്‍ പങ്കെടുത്തത് ടൂര്‍ണമെന്റിന്റെ വിജയത്തിന് മാറ്റുകൂട്ടി.

സ്റ്റാഫോര്‍ഡ് സിറ്റി മേയര്‍ കെന്‍ മാത്യു മുഖ്യാതിഥിയായി പങ്കെടുത്തു.  റവ.ഫാ. എല്‍ദോ പോള്‍, ജോണ്‍സന്‍ കല്ലുംമൂട്ടില്‍, ബിജു ചാലക്കല്‍, ജോണ്‍സന്‍ ഉമ്മന്‍ തുടങ്ങിയവരുടെ സാന്നിദ്ധ്യം ടൂര്‍ണമെന്റിനു മാറ്റേകി.

വിജയികള്‍

മെന്‍സ് ഓപ്പണ്‍

ഒന്നാം സ്ഥാനം: ജോര്‍ജ് മാത്യു & ജോജി ജോര്‍ജ് (സെന്റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച്)
രണ്ടാം സ്ഥാനം: മൈക്കിള്‍ ജോയ് & ഐസക് ജോസഫ് (സെന്റ് ജോസഫ് സീറോ മലബാര്‍ കാത്തലിക്  ചര്‍ച്ച്)

വിമന്‍സ് ഓപ്പണ്‍

ഒന്നാം സ്ഥാനം: ജിതിന്‍ & ബോബി (സെന്റ് തോമസ് സി.എസ്.ഐ. ചര്‍ച്ച്)
രണ്ടാം സ്ഥാനം: ആന്‍മേരി മാത്യു & അബിഗയില്‍ മാത്യു (സെന്റ് മേരീസ് മലങ്കര ഓര്‍ത്തഡോക്‌സ് ചര്‍ച്ച്)

സീനിയേഴ്‌സ് (50+)

ഒന്നാം സ്ഥാനം: സാവിയോ തോമസ് & ബാബു വെണ്ണാലി (സെന്റ് ജോസഫ് സീറോ മലബാര്‍ കാത്തലിക് ചര്‍ച്ച്)
രണ്ടാം സ്ഥാനം: അലാന്റി ജോണ്‍ & മാത്യു ഗില്‍ബര്‍ട്ട് (സെന്റ് ജോസഫ് സീറോ മലബാര്‍ കാത്തലിക് ചര്‍ച്ച്)

റൈസിംഗ് സ്റ്റാര്‍ പുരസ്‌കാരം

ഐസക് ജോസഫ് & റോസ് ജോയ്

മത്സരത്തില്‍ പങ്കെടുത്ത എല്ലാ ടീമുകളും മികച്ച കായികമികവും സൗഹൃദ മനോഭാവവും പ്രകടിപ്പിച്ചതായി സംഘാടകര്‍ അറിയിച്ചു.

സ്‌പോര്‍ട്‌സ് കണ്‍വീനര്‍ ജിനോ ജേക്കബ്, ബാഡ്മിന്റണ്‍ കോര്‍ഡിനേറ്റര്‍മാരായ മൈക്കിള്‍ ജോയ്, ജോജി ജോസഫ് എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ ടൂര്‍ണമെന്റിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ചു.

ഐസിഇസിഎച്ച് പ്രസിഡന്റ് റവ. ഫാ. ഡോ. ഐസക് ബി. പ്രകാശ്, വൈസ് പ്രസിഡണ്ട് റവ.ഫാ. ഡോ ബെന്നി ഫിലിപ്പ്, സെക്രട്ടറി ഷാജന്‍ ജോര്‍ജ്, ട്രഷറര്‍ രാജന്‍ അങ്ങാടിയില്‍ എന്നിവരുടെ നേതൃത്വത്തിലുള്ള എക്‌സിക്യൂട്ടീവ് കമ്മിറ്റിയാണ് ടൂര്‍ണമെന്റിന് നേതൃത്വം നല്‍കിയത്.

ടൂര്‍ണമെന്റ് കോര്‍ഡിനേറ്റര്‍മാരായിരുന്ന മൈക്കിള്‍ ജോയ്, ജോജി ജോസഫ് എന്നിവരെ മൊമെന്റോ നല്‍കി ആദരിച്ചു. 

ഉമ്മന്‍ തോമസ് (Royal Travel & Tours), ചാണ്ടപ്പിള്ള മാത്യൂസ് (TWFG Insurance) എന്നിവര്‍ ടൂര്‍ണമെന്റിന്റെ സ്‌പോണ്‍സര്‍മാരായിരുന്നു.

സെക്രട്ടറി ഷാജന്‍ ജോര്‍ജ് നന്ദി പ്രകാശിപ്പിച്ചു.