പി പി ചെറിയാന്‍
ഡാളസ്: കേരളാ എക്യുമെനിക്കല്‍ ക്രിസ്ത്യന്‍ ഫെലോഷിപ്പ് (KECF) ഡാളസിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന 29-ാമത് സംയുക്ത സുവിശേഷ കണ്‍വെന്‍ഷന് പ്രാര്‍ത്ഥനാനിര്‍ഭരമായ തുടക്കം. ആഗസ്റ്റ് 7 വെള്ളിയാഴ്ച ഇര്‍വിംഗിലുള്ള സെന്റ് ജോര്‍ജ്ജ് മലങ്കര ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ ആരംഭിച്ച കണ്‍വെന്‍ഷന്റെ ഒന്നാം ദിന സമ്മേളനത്തില്‍ നിരവധിയാളുകള്‍ പങ്കെടുത്തു.
വൈകുന്നേരം 6:30-ന് ആരംഭിച്ച ആദ്യദിന ചടങ്ങുകള്‍ക്ക് KECF ജോണ്‍ തോമസ് നയിച്ച ഗായക സംഘത്തിന്റെ ആരാധനയോടെയും ഡാളസ് സെന്റ് പോള്‍സ് മാര്‍ത്തോമാ ഇടവക വികാരി റവ റെജിന്‍ രാജു അച്ചന്റെ പ്രാര്‍ത്ഥനയോടും തുടക്കമായി. തുടര്‍ന്ന് ബിനു തോമസ് വിശുദ്ധ വേദപുസ്തകത്തില്‍ നിന്ന് ലൂക്കോസ് 15:1-7 വരെയുള്ള ഭാഗങ്ങള്‍ വായിച്ചു. ജനറല്‍ സെക്രട്ടറി മിസ്റ്റര്‍ അലക്‌സ് അലക്‌സാണ്ടര്‍ KECFന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ആമുഖ പ്രസംഗം നടത്തി.
വെരി . റവ. രാജു എം. ഡാനിയേല്‍ കോര്‍-എപ്പിസ്‌കോപ്പ അധ്യക്ഷപ്രസംഗവും സ്വാഗതവും ആശംസിച്ചു. 'വെളിവു നിറഞ്ഞോരീശോ' എന്ന ഗാനത്തിന്റെ അകമ്പടിയോടെ ഭദ്രദീപം കൊളുത്തി കണ്‍വെന്‍ഷന്‍ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.
ഈ വര്‍ഷത്തെ കണ്‍വെന്‍ഷന്റെ പ്രധാന പ്രഭാഷകനായ മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ തുമ്പമണ്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ. അബ്രഹാം മാര്‍ സെറാഫിം മെത്രാപ്പോലീത്തയ്ക്ക് ഊഷ്മളമായ സ്വീകരണം നല്‍കി. 'നഷ്ടവും വീണ്ടെടുപ്പും' (Loss & Redemption വിശുദ്ധ ലൂക്കോസ് 15) എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി തിരുമേനി ദൈവവചനം പങ്കുവെച്ചു.
KECF ഗാനസംഘത്തിന്റെ ഭക്തിനിര്‍ഭരമായ ഗാനാലാപനത്തിനും പ്രാര്‍ത്ഥനക്കും ആശീര്‍വാദത്തിനും ശേഷം ഒന്നാം ദിവസത്തെ സമ്മേളനങ്ങള്‍ സമാപിച്ചു.
കണ്‍വെന്‍ഷന്‍ ആഗസ്റ്റ് 8 (ശനി), ആഗസ്റ്റ് 9 (ഞായര്‍) ദിവസങ്ങളില്‍ വൈകുന്നേരം 6:00 മണി മുതല്‍ 9:00 മണി വരെ തുടരുന്നതാണ്. വരും ദിവസങ്ങളിലെ ദൈവവചന ശുശ്രൂഷകളിലും പ്രാര്‍ത്ഥനകളിലും കുടുംബസമേതം പങ്കുചേര്‍ന്ന് അനുഗ്രഹം പ്രാപിക്കണമെന്ന് ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.