ഏഴ് വയസ്സുകാരനെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തി: അമ്മ ഉള്‍പ്പെടെ മൂന്ന് സ്ത്രീകള്‍ അറസ്റ്റില്‍

By: 600002 On: Aug 8, 2026, 7:55 AM



 

പി പി ചെറിയാന്‍

ഓഹിയോ: ഓഹിയോയില്‍ ഏഴ് വയസ്സുകാരനായ വില്ല്യം ഇവാന്‍സ് എന്ന കുട്ടിയെ ക്രൂര പീഡനത്തിനിരയാക്കി കൊലപ്പെടുത്തിയ കേസില്‍ അമ്മ കെയ്റ്റ്ലിന്‍ ഇവാന്‍സ്, ഇവരുടെ കൂടെ താമസിച്ചിരുന്ന നെസ്സ കീനി, കിര്‍ബി റാങ്കിന്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. കുട്ടിക്ക് മാനസിക വെല്ലുവിളികള്‍ ഉണ്ടായിരുന്നു എന്ന് അധികൃതര്‍ വ്യക്തമാക്കി.

വീട്ടിലെ അലമാരയ്ക്കുള്ളില്‍ കൈകാലുകള്‍ ഡക്ട് ടേപ്പ് ഉപയോഗിച്ച് കൂട്ടിക്കെട്ടിയ നിലയിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ രണ്ട് മാസമായി കുട്ടി ക്രൂരമായ ശാരീരിക-മാനസിക പീഡനങ്ങള്‍ക്കും, പൊള്ളലേല്‍പ്പിച്ചുള്ള പീഡനങ്ങള്‍ക്കും, വെള്ളത്തില്‍ മുക്കിക്കൊല്ലാനുള്ള ശ്രമങ്ങള്‍ക്കും ഇരയായതായി കോടതിയില്‍ പ്രോസിക്യൂഷന്‍ വ്യക്തമാക്കി. കേസ് അന്വേഷിച്ച മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ തന്റെ 30 വര്‍ഷത്തെ സര്‍വീസിനിടയിലെ ഏറ്റവും ഭയാനകമായ സംഭവം എന്നാണ് ഇതിനെ വിശേഷിപ്പിച്ചത്.

മൂന്ന് പ്രതികള്‍ക്കെതിരെയും കൊലപാതകം, കുട്ടികളോടുള്ള ക്രൂരത എന്നീ കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്. കോടതി മൂവര്‍ക്കും 1.1 മില്യണ്‍ ഡോളര്‍ വീതം ജാമ്യത്തുക നിശ്ചയിച്ചു. കേസില്‍ കൂടുതല്‍ അന്വേഷണം നടന്നു വരികയാണ്.