97ാം വയസില്‍ വീണ്ടും ലോക റെക്കോര്‍ഡ്; വിമാനത്തിന്റെ ചിറകിന് മുകളില്‍ നിന്ന് പറന്ന് ചരിത്രം കുറിച്ച് ബ്രിട്ടീഷ് മുത്തശ്ശി

By: 600002 On: Aug 8, 2026, 7:39 AM



 

പ്രസാദ് തീയാടിക്കല്‍

ഇംഗ്ലണ്ട്: 97-ാം വയസിലും സാഹസികത കൈവിടാതെ ബ്രിട്ടനിലെ ബെറ്റി ബ്രോമേജ് (Betty Bromage) വീണ്ടും ലോകശ്രദ്ധ നേടി. ലോകത്തിലെ ഏറ്റവും പ്രായമേറിയ വനിതാ വിംഗ് വാക്കര്‍ (വിമാനം പറക്കുന്നതിനിടെ അതിന്റെ ചിറകിന് മുകളില്‍ സുരക്ഷാ ബെല്‍റ്റില്‍ ബന്ധിപ്പിച്ച് നടത്തുന്ന സാഹസിക പ്രകടനം) എന്ന ഗിന്നസ് ലോക റെക്കോര്‍ഡ് സ്വന്തം പേരില്‍ വീണ്ടും ഉറപ്പിച്ചിരിക്കുകയാണ് അവര്‍.

ഇംഗ്ലണ്ടിലെ ഗ്ലോസ്റ്റര്‍ഷയറില്‍ ഓഗസ്റ്റ് 4-ന് നടന്ന സാഹസിക പ്രകടനത്തിനിടെയാണ് 97-കാരിയായ ബെറ്റി വീണ്ടും റെക്കോര്‍ഡ് സ്വന്തമാക്കിയത്. 2022-ല്‍ സ്വന്തമാക്കിയ റെക്കോര്‍ഡ് മറികടക്കാന്‍ വിമാനം പറന്നുയരുന്നതും ഇറങ്ങുന്നതും ഉള്‍പ്പെടെ കുറഞ്ഞത് അഞ്ച് മിനിറ്റെങ്കിലും ആകാശത്ത് തുടരേണ്ടതുണ്ടായിരുന്നു. ബെറ്റി ഈ വെല്ലുവിളി വിജയകരമായി പൂര്‍ത്തിയാക്കി.

2025-ല്‍ സ്ട്രോക്ക് ബാധിച്ചതിനെ തുടര്‍ന്ന് ചികിത്സ ലഭിച്ച ചെല്‍ട്ടന്‍ഹാം ജനറല്‍ ആശുപത്രിയിലെ സ്ട്രോക്ക് യൂണിറ്റിന് ധനസമാഹരണം നടത്താനായിരുന്നു ഇത്തവണത്തെ വിംഗ് വാക്ക്. ആശുപത്രിയില്‍ ലഭിച്ച മികച്ച പരിചരണത്തിന് നന്ദി അറിയിക്കാനാണ് ഈ സാഹസിക ദൗത്യം ഏറ്റെടുത്തതെന്ന് ബെറ്റി പറഞ്ഞു.

87-ാം വയസിലാണ് ബെറ്റി ആദ്യമായി വിംഗ് വാക്ക് നടത്തിയത്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ആകെ ആറു തവണയാണ് അവര്‍ ഈ സാഹസിക പ്രകടനം നടത്തിയത്. ''ഇല്ല'' എന്ന വാക്ക് തന്റെ നിഘണ്ടുവിലില്ലെന്നും, ''അല്ലെങ്കില്‍ ജീവിതം വിരസമാകും. ഇപ്പോഴും ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ ഞാന്‍ തുടര്‍ന്നും ചെയ്യും'' എന്നും ബെറ്റി പറഞ്ഞു.