നഗരവാസികളെ ഒരേ സമയം അമ്പരപ്പിക്കുകയും ആശങ്കയിലാഴ്ത്തുകയും ചെയ്തൊരു അപൂർവ്വ കാഴ്ചയ്ക്കാണ് കഴിഞ്ഞ ദിവസം കാനഡയിലെ ടൊറൻ്റോ സാക്ഷ്യം വഹിച്ചത്. തുറന്നിട്ട വാതിലിലൂടെ വീടിനുള്ളിൽ കടന്നൊരു കയോട്ടി കിടപ്പുമുറിയിലെ കട്ടിലിൽ കയറി സുഖമായി ഉറങ്ങി! ഒടുവിൽ വൈൽഡ്‌ലൈഫ് സെൻ്ററിലെ വിദഗ്ധ സംഘവും പോലീസും ചേർന്നാണ് മൃഗത്തെ വലയിലാക്കിയത്.
വീട്ടിൽ ശുചീകരണത്തിനെത്തിയ ജീവനക്കാരിയാണ് കട്ടിലിൽ കയോട്ടി കിടക്കുന്നത് കണ്ട് വീട്ടുടമയായ ആലീസ് കെൻ്റിനെ വിവരമറിയിച്ചത്. വന്യജീവികൾ നഗരപ്രദേശങ്ങളിലെ വീടുകൾക്കുള്ളിൽ കടന്നുകൂടുന്നത് അപൂർവ്വമായതിനാൽ വാർത്ത പെട്ടെന്ന് തന്നെ പ്രദേശത്ത് പരിഭ്രാന്തി പടർത്തി.
വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ ടൊറോൻ്റോ വൈൽഡ്‌ലൈഫ് സെൻ്ററിലെ വിദഗ്ധ സംഘവും പോലീസും ചേർന്ന് മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ മൃഗത്തെ സുരക്ഷിതമായി വലയിലാക്കി. പ്രാഥമിക പരിശോധനയിൽ കഠിനമായ ചൊറി രോഗം ബാധിച്ച് തികച്ചും അവശ നിലയിലായ ഒരു കൊയോട്ടി കുട്ടിയാണ് ഇതെന്ന് വെറ്ററിനറി സംഘം കണ്ടെത്തി. രോഗബാധയും കൊടും തണുപ്പും മൂലം വിശ്രമിക്കാൻ അനുയോജ്യമായ സുരക്ഷിത ഇടം തേടിയാകാം ഇത് വീടിനുള്ളിലേക്ക് കയറിയതെന്നാണ് വന്യജീവി വിദഗ്ധരുടെ നിഗമനം.
പിടികൂടിയ കൊയോട്ടിക്ക് ടൊറൻ്റോ വൈൽഡ്‌ലൈഫ് സെൻ്ററിലെ വിദഗ്ധ വെറ്ററിനറി സംഘം ആവശ്യമായ അടിയന്തര വൈദ്യസഹായവും പരിചരണവും നൽകി. നഗരപ്രദേശങ്ങളിൽ വന്യമൃഗങ്ങൾക്ക് മനുഷ്യർ ഭക്ഷണം നൽകുന്നത് അവയുടെ സ്വാഭാവിക പെരുമാറ്റരീതികളിൽ മാറ്റം വരുത്താൻ കാരണമാകുന്നുണ്ടെന്ന് വൈൽഡ്‌ലൈഫ് സെൻ്റർ അധികൃതർ ജാഗ്രതാ നിർദ്ദേശം നൽകി. അപ്രതീക്ഷിതമായ ഈ സംഭവത്തെ തുടർന്ന് വീടുകളുടെ വാതിലുകളും സുരക്ഷാ സ്‌ക്രീനുകളും കൃത്യമായി അടച്ചിടാൻ പ്രദേശവാസികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.