കാനഡയിലെ പ്രധാന തുറമുഖങ്ങൾ വഴി വിദേശത്തേക്ക് കടത്താൻ ശ്രമിച്ച 392 വാഹനങ്ങൾ കനേഡിയൻ പോലീസ് (RCMP) പിടിച്ചെടുത്തു. ഈ വാഹനങ്ങൾക്ക് ഏകദേശം 2.8 കോടി കനേഡിയൻ ഡോളറോളം മൂല്യം വരുമെന്നാണ് റിപ്പോർട്ട്. ഇൻ്റർപോളിൻ്റെയും കനേഡിയൻ അതിർത്തി രക്ഷാസേനയുടെയും സഹകരണത്തോടെ ആർ.സി.എം.പി നടപ്പിലാക്കിയ പ്രത്യേക പദ്ധതിയിലൂടെയാണ് ഈ തട്ടിപ്പ് പുറത്തുകൊണ്ടുവന്നത്.
വ്യാജ രേഖകളും വ്യക്തിഗത വിവരങ്ങളും ഉപയോഗിച്ച് വാഹനം വാങ്ങാൻ വായ്പയെടുക്കുകയും, ഇൻഷുറൻസ് എടുത്ത ശേഷം വാഹനങ്ങൾ വിദേശത്തേക്ക് കടത്തി കോടിക്കണക്കിന് ഡോളറിൻ്റെ ഇൻഷുറൻസ് തട്ടിപ്പ് നടത്തുകയുമായിരുന്നു കുറ്റവാളികളുടെ രീതി. ഹാലിഫാക്സ്, മോൺട്രിയാൽ, ടൊറന്‍റോ, വാൻകൂവർ എന്നീ തുറമുഖങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് വാഹനങ്ങൾ പിടിച്ചെടുത്തത്.
കനേഡിയൻ സർക്കാരിൻ്റെ ശക്തമായ നടപടികളെ തുടർന്ന് രാജ്യത്തെ വാഹന മോഷണങ്ങളിൽ 33 ശതമാനത്തോളം കുറവുണ്ടായിട്ടുണ്ട്. എന്നാൽ മോഷ്ടാക്കൾ പുതിയ സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് മോഷണം തുടരുന്നത് വെല്ലുവിളിയാകുന്നുണ്ട്. മോഷ്ടിക്കപ്പെടുന്ന വാഹനങ്ങൾ കണ്ടെത്തുന്നത് കാനഡയിൽ ഇപ്പോഴും വലിയ വെല്ലുവിളിയാണ്. മോഷ്ടിക്കപ്പെടുന്ന പകുതിയിലധികം വാഹനങ്ങളും ഒന്നുകിൽ വിദേശത്തേക്ക് കടത്തുകയോ അല്ലെങ്കിൽ പൊളിച്ചു വില്ക്കുകയോ ചെയ്യുന്നുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.