വിദ്യാര്‍ത്ഥി വിസ മറയാക്കി കാനഡയില്‍ ബിഷ്ണോയി ഗ്യാങ്ങ് ശൃംഖല; രഹസ്യ റിപ്പോര്‍ട്ട്

By: 600002 On: Aug 7, 2026, 1:05 PM


പ്രസാദ് തീയാടിക്കല്‍

 

ഒട്ടാവ: കാനഡയിലെ അന്താരാഷ്ട്ര വിദ്യാര്‍ത്ഥി വിസ സംവിധാനവും വര്‍ക്ക് പെര്‍മിറ്റ് പദ്ധതികളും ദുരുപയോഗം ചെയ്ത് ഇന്ത്യ ആസ്ഥാനമായുള്ള ലോറന്‍സ് ബിഷ്ണോയി ഗ്യാങ്ങ് രാജ്യത്ത് അധോലോക ശൃംഖല വ്യാപിപ്പിച്ചതായി കാനഡ ബോര്‍ഡര്‍ സര്‍വീസസ് ഏജന്‍സിയുടെ (CBSA) രഹസ്യ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പുറത്തുവന്നു.

റിപ്പോര്‍ട്ടില്‍, ബിഷ്ണോയിയുടെ പ്രധാന അനുയായിയായ ഗോള്‍ഡി ബ്രാര്‍ 2017-ല്‍ പഠനത്തിനെന്ന പേരില്‍ കാനഡയിലെത്തിയെങ്കിലും, അദ്ദേഹം പഠനം നടത്തിയതായി വ്യക്തമായ തെളിവില്ലെന്നും തുടര്‍ന്ന് ഗ്യാങ്ങിന്റെ കാനഡയിലെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതില്‍ പ്രധാന പങ്കുവഹിച്ചെന്നും പറയുന്നു.

സി.ബി.എസ്.എയുടെ ഇന്റലിജന്‍സ് വിഭാഗത്തിന്റെ വിലയിരുത്തല്‍ പ്രകാരം, സ്റ്റഡി പെര്‍മിറ്റിലും വര്‍ക്ക് പെര്‍മിറ്റിലും കാനഡയിലെത്തുന്ന ചില ഇന്ത്യന്‍ യുവാക്കളെ ഗ്യാങ്ങ് റിക്രൂട്ട് ചെയ്ത് കൊലപാതകങ്ങള്‍, പണം തട്ടല്‍ (Extortion), ലക്ഷ്യമിട്ട ആക്രമണങ്ങള്‍ തുടങ്ങിയ സംഘടിത കുറ്റകൃത്യങ്ങളില്‍ ഉപയോഗിക്കുന്നതായി അന്വേഷണങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. 

അതേസമയം, ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് വളരെ ചെറിയൊരു വിഭാഗം മാത്രമാണെന്നും ഭൂരിഭാഗം അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് ഇതുമായി യാതൊരു ബന്ധവുമില്ലെന്നും റിപ്പോര്‍ട്ടിന്റെ പശ്ചാത്തലം സൂചിപ്പിക്കുന്നു.