കാനഡയിലെ ടൊറൻ്റോയിലുള്ള യു.എസ് കോൺസുലേറ്റ് മന്ദിരത്തിന് നേരെ നടന്ന വെടിവെപ്പുമായി ബന്ധപ്പെട്ട് പതിനഞ്ചുകാരൻ ഉൾപ്പെടെ രണ്ടുപേരെ ടൊറൻ്റോ പോലീസ് അറസ്റ്റ് ചെയ്തു. ജൂലൈ 27-ന് പുലർച്ചെ നടന്ന സംഭവത്തിൽ 19-കാരനായ സെൻ-ഉൽ-ആബ്ദീൻ സയ്യിദും പ്രായപൂർത്തിയാകാത്ത 15-കാരനുമാണ് പിടിയിലായത്. എൻക്രിപ്റ്റഡ് ആപ്പുകൾ വഴി പണം വാഗ്ദാനം ചെയ്ത് കുറ്റകൃത്യങ്ങൾ ചെയ്യിക്കുന്ന ക്രിമിനൽ നെറ്റ്‌വർക്കുകളുടെ ഭാഗമായാണ് ഇരുവരും ഈ ആക്രമണം നടത്തിയതെന്ന് പോലീസ് മേധാവി മൈറോൺ ഡെംകിവ് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
സംഭവദിവസം പുലർച്ചെ 4.45-ഓടെയാണ് കോൺസുലേറ്റിന് നേരെ വെടിവെപ്പുണ്ടായത്. പ്രദേശത്ത് പട്രോളിംഗ് നടത്തുകയായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ നമ്പർ പ്ലേറ്റില്ലാത്ത വെളുത്ത ഹോണ്ട അക്കോർഡ് കാർ വേഗത്തിൽ ഓടിച്ചുപോകുന്നത് കാണുകയും തുടര്‍ന്ന് പിന്തുടരുകയും ചെയ്തുവെങ്കിലും സുരക്ഷാ ആശങ്കകൾ മുൻനിർത്തി ചേസ് അവസാനിപ്പിക്കുകയായിരുന്നു. പിന്നീട് ഈ വാഹനം സ്കാർബറോ പ്രദേശത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. ഇതേ പ്രതികൾ ഇതിനുമുമ്പ് ജൂലൈ 24-ന് കാലെഡണിൽ നടന്ന തീപിടുത്ത കേസിലും പ്രതികളാണെന്ന് പോലീസ് അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്.
ഈ വർഷം മാർച്ച് മാസത്തിലും യു.എസ് കോൺസുലേറ്റിന് നേരെ സമാനമായ രീതിയിൽ വെടിവെപ്പ് നടന്നിരുന്നു. രാജ്യത്ത് യുവാക്കളെ പണം നൽകി അനധികൃത പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്ന ഇത്തരം സമാന്തര നെറ്റ്‌വർക്കുകൾ വർദ്ധിച്ചു വരുന്നത് ഗൗരവകരമായ ഭീഷണിയാണെന്ന് പോലീസ് ചൂണ്ടിക്കാട്ടി. അറസ്റ്റിലായ സയ്യിദിനെതിരെ നിയമവിരുദ്ധമായി ആയുധം കൈവശം വെച്ചതടക്കം 15-ഓളം കേസുകളും 15-കാരനെതിരെ 17-ഓളം കേസുകളും ചുമത്തിയിട്ടുണ്ട്. സംഭവത്തിൽ സമഗ്രമായ അന്വേഷണം തുടരുകയാണെന്ന് ടൊറൻ്റോ പോലീസ് അറിയിച്ചു.