കാനഡയിലെ കാൽഗറിക്ക് സമീപമുള്ള മില്ലർവില്ലയിലെ പ്രാദേശിക കമ്മ്യൂണിറ്റി കേന്ദ്രത്തിൽ തീവ്ര വലതുപക്ഷ സംഘടനയായ 'സെക്കൻഡ് സൺസ് കാനഡ' രഹസ്യമായി വാർഷിക യോഗം സംഘടിപ്പിച്ച സംഭവം പ്രദേശവാസികളിൽ വലിയ ആശങ്ക ഉയർത്തുന്നു. യഥാർത്ഥ വിവരങ്ങൾ മറച്ചുവെച്ച് ഹാൾ ബുക്ക് ചെയ്ത സംഘടന, അംഗങ്ങൾക്കായി സൈനിക മാതൃകയിലുള്ള സ്വയം പ്രതിരോധ പരിശീലനങ്ങളും ഡ്രില്ലുകളും നടത്തിയതായി പുറത്തുവന്ന സോഷ്യൽ മീഡിയ ദൃശ്യങ്ങളിൽ വ്യക്തമാണ്.
കനേഡിയൻ ബ്രോഡ്കാസ്റ്റിംഗ് കോർപ്പറേഷൻ്റെ ഇൻവെസ്റ്റിഗേഷൻ വിഭാഗം നടത്തിയ സൂക്ഷ്മ പരിശോധനയിലാണ് ജൂലൈ ആദ്യവാരം സ്ക്വയർ ബട്ട് ഹാളിൽ വെച്ച് ഈ പരിപാടി നടന്നതെന്ന് സ്ഥിരീകരിച്ചത്. 2024-ൽ പ്രവർത്തനമാരംഭിച്ച സെക്കൻഡ് സൺസ് കാനഡ, 'മെൻസ് നാഷണലിസ്റ്റ് ക്ലബ്ബ്' എന്ന പേരിലാണ് അറിയപ്പെടുന്നതെങ്കിലും തീവ്ര വംശീയ നിലപാടുകളും പ്രകോപനപരമായ ആശയങ്ങളും വെച്ചുപുലർത്തുന്ന ഗ്രൂപ്പായാണ് വിലയിരുത്തപ്പെടുന്നത്. സൗഹാർദ്ദപരമായ അന്തരീക്ഷത്തിൽ പ്രവർത്തിക്കുന്ന ഒരു ഗ്രാമീണ കേന്ദ്രത്തെ ഇത്തരത്തിൽ ദുരുപയോഗം ചെയ്തതിൽ സ്ക്വയർ ബട്ട് കമ്മ്യൂണിറ്റി അസോസിയേഷൻ ഭാരവാഹികളും പ്രദേശവാസികളും കടുത്ത അമർഷം രേഖപ്പെടുത്തി. കൃത്യമായ ഉദ്ദേശ്യം വ്യക്തമാക്കാതെ പൊതു ഇടങ്ങൾ വാടകയ്ക്കെടുത്തു ഇത്തരം പരിപാടികൾ സംഘടിപ്പിക്കുന്നത് തീവ്ര ആശയക്കാരായ സംഘടനകളുടെ സ്ഥിരം രീതിയാണെന്ന് അധികൃതർ പറയുന്നു.
സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കിയ റോയൽ കനേഡിയൻ മൗണ്ടഡ് പോലീസ് , ഇത്തരം ഗ്രൂപ്പുകളുടെ നിയമവിരുദ്ധ പ്രവർത്തനങ്ങളും രാജ്യത്തുടനീളം റിപ്പോർട്ട് ചെയ്യപ്പെടുന്ന വിദ്വേഷ കുറ്റകൃത്യങ്ങളുടെ വർദ്ധനവും സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് അറിയിച്ചു. നിലവിൽ ഔദ്യോഗിക പരാതികളൊന്നും ലഭിച്ചിട്ടില്ലെന്ന് പ്രാദേശിക ഭരണകൂടം അറിയിച്ചിട്ടുണ്ട്. ഗ്രാമീണ മേഖലകളിൽ തീവ്ര നിലപാടുകളുള്ള ഗ്രൂപ്പുകൾ സാന്നിധ്യം ഉറപ്പിക്കാൻ ശ്രമിക്കുന്നത് ക്രമസമാധാനത്തിനും സാമൂഹിക അന്തരീക്ഷത്തിനും ഭീഷണിയാണെന്ന് പ്രദേശവാസികൾ ചൂണ്ടിക്കാണിക്കുന്നു.