മെക്സിക്കോയില്‍ 43 വിദ്യാര്‍ത്ഥികളുടെ തിരോധാനം: മുന്‍ ഗവര്‍ണര്‍ അറസ്റ്റില്‍

By: 600002 On: Aug 7, 2026, 12:39 PM



പി പി ചെറിയാന്‍

മെക്സിക്കോ: മെക്സിക്കോയില്‍ 43 വിദ്യാര്‍ത്ഥികള്‍ ദുരൂഹമായി കാണാതായ സംഭവത്തില്‍ തെളിവുകള്‍ നശിപ്പിച്ചെന്നാരോപിച്ച് ഗെറെറോ സംസ്ഥാന മുന്‍ ഗവര്‍ണര്‍ എഞ്ചല്‍ അഗിറെയെ അധികൃതര്‍ അറസ്റ്റ് ചെയ്തു. പത്ത് വര്‍ഷം മുമ്പാണ് രാജ്യത്തെ ഞെട്ടിച്ച ഈ സംഭവം നടന്നത്.

2014-ല്‍ അയോത്സിനാപ റൂറല്‍ ടീച്ചേഴ്‌സ് കോളേജിലെ 43 വിദ്യാര്‍ത്ഥികളാണ് ബസുകള്‍ പിടിച്ചെടുത്ത് പ്രതിഷേധത്തിന് പോകുന്നതിനിടയില്‍ കാണാതായത്. വിദ്യാര്‍ത്ഥികളെക്കുറിച്ചുള്ള വിവരങ്ങളും തെളിവുകളും മറച്ചുവെച്ചെന്നാണ് മുന്‍ ഗവര്‍ണര്‍ക്കെതിരെയുള്ള പ്രധാന കുറ്റം.

സുരക്ഷാ സേനയും പ്രാദേശിക അധികാരികളും കാര്‍ട്ടലുകളും ചേര്‍ന്നുള്ള ഒത്തുകളിയാണ് ഈ ക്രൂരകൃത്യത്തിന് പിന്നിലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം.

കേസില്‍ മുന്‍ അറ്റോര്‍ണി ജനറല്‍ ഹെസൂസ് മുറില്ലോ കരമിന് ശേഷം അറസ്റ്റിലാകുന്ന ഏറ്റവും ഉയര്‍ന്ന പദവിയിലുള്ള വ്യക്തിയാണ് എഞ്ചല്‍ അഗിറെ.

സംഭവത്തില്‍ ഒട്ടനവധി അറസ്റ്റുകള്‍ നടന്നിട്ടുണ്ടെങ്കിലും വിദ്യാര്‍ത്ഥികള്‍ക്ക് എന്ത് സംഭവിച്ചുവെന്നതിന്റെ യഥാര്‍ത്ഥ കാരണം ഇനിയും വ്യക്തമല്ല. കേസില്‍ മൂന്ന് വിദ്യാര്‍ത്ഥികളുടെ അസ്ഥിവാശിഷ്ടങ്ങള്‍ മാത്രമാണ് ഇതുവരെ കണ്ടെത്താനായിട്ടുള്ളത്.