കാനഡയിൽ വാഹനാപകടത്തിൽ രണ്ട് ജയിൽ ഉദ്യോഗസ്ഥരും തടവുകാരിയും കൊല്ലപ്പെട്ടു. എഡ്മണ്ടൻ ഇൻസ്റ്റിറ്റ്യൂഷൻ ഫോർ വുമണിൽ നിന്ന് തടവുകാരിയെ മാറ്റുന്നതിനിടെയായിരുന്നു വാഹനാപകടം ഉണ്ടായത്. രണ്ട് കറക്ഷനൽ സർവീസ് കാനഡ (CSC) ഉദ്യോഗസ്ഥരും ഒരു തടവുകാരിയുമാണ് മരിച്ചത്. വ്യാഴാഴ്ച വൈകുന്നേരമാണ് കറക്ഷനൽ സർവീസ് കാനഡ സോഷ്യൽ മീഡിയയിലൂടെ ഈ ദാരുണ സംഭവം സ്ഥിരീകരിച്ചത്.
ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ ജീവൻ പൊലിഞ്ഞ ഉദ്യോഗസ്ഥരുടെയും തടവുകാരിയുടെയും കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായി സി.എസ്.സി (CSC) അറിയിച്ചു. കൊല്ലപ്പെട്ട ഉദ്യോഗസ്ഥർ രാജ്യത്തിൻ്റെ സുരക്ഷയ്ക്കായി ആത്മാർത്ഥതയോടും ധൈര്യത്തോടും കൂടിയാണ് സേവനമനുഷ്ഠിച്ചതെന്നും അവരുടെ സംഭാവനകൾ മറക്കാനാവില്ലെന്നും അധികൃതർ കൂട്ടിച്ചേർത്തു. അപകടം നടന്ന കൃത്യമായ സമയമോ മറ്റ് വിവരങ്ങളോ സി.എസ്.സി പുറത്തുവിട്ടിട്ടില്ല.