കനേഡിയൻ ഭരണകൂടത്തെയും നേതാക്കളെയും രൂക്ഷമായി വിമർശിച്ച് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ലാസ് വെഗാസിൽ നടന്ന ചടങ്ങിലാണ് കാനഡയുടെ ട്രേഡ് നയങ്ങളെയും നേതൃത്വത്തെയും ട്രംപ് കുറ്റപ്പെടുത്തിയത്. എന്നാൽ ഇതിനോട് പക്വമായി പ്രതികരിച്ച കാനഡ പ്രധാനമന്ത്രി മാർക്ക് കാർണി, യു.എസ് വിപണിയുമായുള്ള ചർച്ചകൾ കടുപ്പമേറിയതാണെങ്കിലും പുരോഗമിക്കുകയാണെന്ന് വ്യക്തമാക്കി.
താരിഫ് നയങ്ങളെക്കുറിച്ച് സംസാരിക്കവെയാണ് ട്രംപ് കാനഡയെ വിമർശിച്ചത്. കാനഡയുടെ നേതൃത്വം മോശമാണെന്നും, മുൻകാലങ്ങളിൽ കാനഡ അമേരിക്കയെ നികുതി നയങ്ങളിലൂടെ ചൂഷണം ചെയ്തിട്ടുണ്ടെന്നും ട്രംപ് ആരോപിച്ചു. എന്നാൽ ട്രംപിൻ്റെ പരാമർശത്തിനെതിരെ സമചിത്തതയോടെയായിരുന്നു കനേഡിയൻ പ്രധാനമന്ത്രി മാർക് കാർണിയുടെ പ്രതികരണം. വ്യാപാര ചർച്ചകൾ കഠിനമായ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്നും കൂടുതൽ ചർച്ചകൾ ഉടൻ ഉണ്ടാകുമെന്നും അറിയിച്ചു. കഴിഞ്ഞയാഴ്ച താൻ ട്രംപുമായി ഫോണിൽ ചർച്ച നടത്തിയിരുന്നു എന്നും വരും ദിവസങ്ങളിൽ കൂടുതൽ ചർച്ചകൾ ഉണ്ടാകുമെന്നും കാർണി പറഞ്ഞു.
വാർത്താ സമ്മേളനത്തിനിടെ കാർണി നടത്തിയ മറ്റൊരു പരാമർശവും ശ്രദ്ധേയമായി. മാധ്യമ പ്രവർത്തകരോട് സംസാരിക്കുന്നതിനിടെ അദ്ദേഹത്തിൻ്റെ ടെലിപ്രോംപ്റ്റർ തകരാറിലായിരുന്നു. എന്നാൽ മറ്റൊരു ലോകനേതാവിനെപ്പോലെ ഇതൊരു ഗൂഢാലോചനയായി താൻ കാണുന്നില്ലെന്നായിരുന്നു കാർണിയുടെ പ്രതികരണം. ട്രംപിനെയാണ് അദ്ദേഹം ഉദ്ദേശിച്ചതെന്നാണ് വിലയിരുത്തൽ.
വരുന്ന ഓഗസ്റ്റ് 19-ഓടെ കനേഡിയൻ ഉൽപ്പന്നങ്ങൾക്ക് മേൽ 50 ശതമാനം വരെ അധിക നികുതി ചുമത്താൻ അമേരിക്ക പദ്ധതിയിടുന്നുണ്ട്. മദ്യം, സിമന്റ്, ഹോക്കി സ്റ്റിക്കുകൾ തുടങ്ങിയ ഉൽപ്പന്നങ്ങളെയാണ് ഇത് ബാധിക്കുക. പ്രശ്നപരിഹാരത്തിനായി കാനഡയുടെ വ്യാപാര മന്ത്രി ഡൊമിനിക് ലെബ്ലാങ്കും സംഘവും വാഷിംഗ്ടണിൽ അമേരിക്കൻ പ്രതിനിധികളുമായി ചർച്ച നടത്തുകയാണ്. യു.എസ് ആവശ്യപ്പെട്ട ചില ഇളവുകൾ കാനഡ ഇതിനോടകം നടപ്പിലാക്കിയിട്ടുണ്ട്. അടിയന്തര സാഹചര്യമുണ്ടായാൽ തിരിച്ചടി നൽകുന്ന കാര്യം കാനഡ തള്ളിക്കളഞ്ഞിട്ടില്ലെങ്കിലും, ഊർജ്ജ കയറ്റുമതി തടഞ്ഞുകൊണ്ടുള്ള നീക്കങ്ങൾക്ക് കാനഡയ്ക്ക് താല്പര്യമില്ലെന്നാണ് സൂചന.