ബിഷ്‌ണോയ് ഗ്യാങ്ങിലെ പ്രധാന നേതാക്കളെക്കുറിച്ചുള്ള കനേഡിയൻ രഹസ്യാന്വേഷണ റിപ്പോർട്ട് പുറത്ത്

By: 600110 On: Aug 7, 2026, 12:17 PM

ബിഷ്‌ണോയ് ഗ്യാങ്ങിൻ്റെ' കാനഡയിലെ പ്രധാന നേതാക്കളെയും പ്രവർത്തനരീതികളെയും കുറിച്ച് കാനഡ ബോർഡർ സർവീസസ് ഏജൻസി (CBSA) തയ്യാറാക്കിയ രഹസ്യാന്വേഷണ റിപ്പോർട്ടിലെ വിവരങ്ങൾ പുറത്ത്. ദക്ഷിണേഷ്യൻ വംശജരായ കാനഡക്കാരെ ലക്ഷ്യമിട്ട് ഭീഷണിപ്പെടുത്തൽ, പണം തട്ടൽ, വെടിവെപ്പ് എന്നിവ നടത്തുന്ന സംഘത്തിലെ പ്രമുഖരെക്കുറിച്ചാണ് റിപ്പോർട്ടിൽ പരാമർശിക്കുന്നത്.

ഇന്ത്യയിൽ ജയിലിൽ കഴിയുന്ന ലോറൻസ് ബിഷ്‌ണോയ് ആണ് ഗാംഗിൻ്റെ പ്രധാന തലവൻ. ജയിലിനുള്ളിൽ കിടന്ന് ഫോൺ വഴിയാണ് ഇയാൾ കൊലപാതകങ്ങളും മറ്റ് കുറ്റകൃത്യങ്ങളും ആസൂത്രണം ചെയ്യുന്നത്. ഗോൾഡി ബ്രാർ, ഹാരി ബോക്സർ, ഗോൾഡി ധില്ലൺ എന്നിവരാണ് കാനഡയിലെയും വടക്കേ അമേരിക്കയിലെയും പ്രധാന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. എന്നാൽ, അടുത്തിടെ ചില നേതാക്കൾ തമ്മിൽ അസ്വാരസ്യങ്ങൾ ഉണ്ടായതായും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.

ഇന്ത്യയിൽ നിന്നുള്ള പ്രാദേശിക യുവാക്കളെയും മറ്റ് പ്രാദേശിക ഗാംഗുകളെയും വാടകയ്‌ക്കെടുത്താണ് ബിഷ്‌ണോയ് സംഘം ഭീഷണികളും ആക്രമണങ്ങളും നടപ്പാക്കുന്നത്. കാനഡയിലെ ട്രക്കിംഗ് മേഖലയെയും വാണിജ്യ വാഹന ശൃംഖലയെയും ആയുധ കടത്തിനും ആൾക്കാരെ സുരക്ഷിതമായി മാറ്റുന്നതിനും ഇവർ ദുരുപയോഗം ചെയ്യുന്നതായി സംശയമുണ്ട്. ബിസിനസുകാരെയും പ്രമുഖ വ്യക്തികളെയും ഭീഷണിപ്പെടുത്തി വൻതുക തട്ടുക എന്നതാണ് ഇവരുടെ പ്രധാന രീതി. ബോളിവുഡ് നടൻ സൽമാൻ ഖാനുമായി ബന്ധമുള്ളവരെ പോലും ഇവർ ലക്ഷ്യമിട്ടിട്ടുണ്ട്.

കാനഡയിലെ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ പോലീസ് അന്വേഷണം ശക്തമാക്കുകയും നിരവധി പേരെ നാടുകടത്തുകയും ചെയ്തിട്ടുണ്ടെങ്കിലും, സംഘത്തിൻ്റ് പ്രധാന തലവന്മാരിലേക്ക് എത്താൻ പോലീസിന് കഴിഞ്ഞിട്ടില്ല.