കാനഡയിലെ ആൽബർട്ട പ്രവിശ്യയിൽ ഓൺലൈൻ ചൂതാട്ട പരസ്യങ്ങൾ വ്യാപകമാകുന്നത് ആളുകളിൽ ലഹരിക്ക് സമാനമായ പ്രവണതകൾ വളർത്താൻ ഇടയാക്കുമെന്ന് വിദഗ്ധരുടെ മുന്നറിയിപ്പ്. നിയന്ത്രിത 'ഐഗെയിമിംഗ്' സംവിധാനം പ്രാബല്യത്തിൽ വന്ന് ഒരു മാസം പിന്നിടുമ്പോൾ, 20-ലധികം ലൈസൻസുള്ള വെബ്‌സൈറ്റുകളുടെ പരസ്യങ്ങളാണ് ടിവി, സോഷ്യൽ മീഡിയ, ബിൽബോർഡുകൾ, ബസുകൾ എന്നിവയിലുടനീളം നിറഞ്ഞുനിൽക്കുന്നത്.
പരസ്യങ്ങളുടെ അതിപ്രസരം ചൂതാട്ടത്തിന് അടിമപ്പെട്ടവരെയും പ്രത്യേകിച്ച് കൗമാരക്കാരെയും പ്രതികൂലമായി ബാധിക്കുമെന്ന് അഡിക്ഷൻ മെഡിസിൻ വിദഗ്ധനായ ഡോ. ഷോൺ കെല്ലി വ്യക്തമാക്കുന്നു. കൗമാരക്കാർ ഇത്തരം ആസക്തികളിലേക്ക് പെട്ടെന്ന് വഴങ്ങാൻ സാധ്യതയുള്ളതിനാൽ പരസ്യങ്ങൾക്ക് ശക്തമായ നിയന്ത്രണം വേണമെന്നാണ് അദ്ദേഹത്തിൻ്റെ ആവശ്യം. മറ്റ് കമ്പനികളോട് മത്സരിച്ചു നിൽക്കാൻ വേണ്ടിയാണ് സ്ഥാപനങ്ങൾ വൻതോതിൽ പരസ്യങ്ങൾ നൽകുന്നതെന്ന് അൽബർട്ട സർവകലാശാലയിലെ മാർക്കറ്റിംഗ് പ്രൊഫസർ കേറ്റി മെഹർ പറഞ്ഞു.
കായികതാരങ്ങളെയോ പ്രശസ്ത വ്യക്തികളെയോ ഉപയോഗിച്ച് പരസ്യം ചെയ്യുന്നതിനും, ചെറുപ്പക്കാരെ ലക്ഷ്യമിടുന്നതിനും നിരോധനമുണ്ടെന്ന് പ്രവിശ്യാ മന്ത്രി ഡേവ് നാലി വ്യക്തമാക്കി. ആവശ്യമെങ്കിൽ കൂടുതൽ കർശന നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഓൺലൈൻ ചൂതാട്ടത്തിലൂടെ ആദ്യ വർഷം 7.6 കോടി ഡോളറിൻ്റെ വരുമാനമാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. ഇതിൻ്റെ ഒരു ശതമാനം തുക ചൂതാട്ട ആസക്തിയിൽ നിന്ന് ആളുകളെ മോചിപ്പിക്കുന്നതിനുള്ള ബോധവൽക്കരണത്തിനും ചികിത്സയ്ക്കുമായി മാറ്റിവയ്ക്കും.