കാനഡയില്‍ നിന്ന് റെക്കോര്‍ഡ് തോതില്‍ ഇന്ത്യന്‍ പൗരന്മാരെ നാടുകടത്തി; ആറുമാസത്തിനിടെ 3,323 പേര്‍

By: 600002 On: Aug 7, 2026, 11:54 AM



 

പ്രസാദ് തീയാടിക്കല്‍

ടൊറന്റോ: 2026-ലെ ആദ്യ ആറുമാസത്തിനിടെ കാനഡയില്‍ നിന്ന് 3,323 ഇന്ത്യന്‍ പൗരന്മാരെ നാടുകടത്തിയതായി കാനഡ ബോര്‍ഡര്‍ സര്‍വീസസ് ഏജന്‍സി (CBSA) പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. ഈ കാലയളവില്‍ ഏത് രാജ്യക്കാരിലും ഏറ്റവും കൂടുതല്‍ നാടുകടത്തപ്പെട്ടത് ഇന്ത്യന്‍ പൗരന്മാരാണെന്നാണ് റിപ്പോര്‍ട്ട്.

CBSAയുടെ കണക്കുകള്‍ പ്രകാരം, 2026 ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ കാനഡയില്‍ നിന്ന് ആകെ 10,607 പേരെയാണ് വിവിധ രാജ്യങ്ങളിലേക്ക് തിരിച്ചയച്ചത്. ഇതില്‍ ഇന്ത്യക്കാരാണ് ഒന്നാം സ്ഥാനത്ത്. മെക്‌സിക്കോ, ഹെയ്തി, കൊളംബിയ, റൊമാനിയ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലെ പൗരന്മാരും പട്ടികയിലുണ്ട്.

2025-ല്‍ കാനഡയില്‍ നിന്ന് 3,779 ഇന്ത്യന്‍ പൗരന്മാരെ നാടുകടത്തിയിരുന്നു. 2026-ലെ ആദ്യ ആറുമാസം പൂര്‍ത്തിയാകുമ്പോഴേക്കും ആ കണക്കിന്റെ ഏകദേശം 88 ശതമാനത്തിലെത്തിയതിനാല്‍, ഈ വര്‍ഷം പുതിയ റെക്കോര്‍ഡ് രേഖപ്പെടുത്താന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.

രാജ്യങ്ങള്‍ തിരിച്ചുള്ള നാടുകടത്തലിന്റെ കൃത്യമായ കാരണങ്ങള്‍ CBSA പുറത്തുവിട്ടിട്ടില്ല. എന്നിരുന്നാലും, കുടിയേറ്റ നിയമലംഘനങ്ങള്‍, വിസാ വ്യവസ്ഥകളിലെ ലംഘനങ്ങള്‍, അഭയാര്‍ത്ഥി അപേക്ഷകള്‍ തള്ളപ്പെട്ടത്, ക്രിമിനല്‍ കേസുകള്‍ എന്നിവ ഉള്‍പ്പെടെയുള്ള വിവിധ കാരണങ്ങളാല്‍ വിദേശ പൗരന്മാരെ നാടുകടത്തുന്ന നടപടികള്‍ തുടരുകയാണെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. അടുത്തിടെ ചില അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളും താല്‍ക്കാലിക വിസയിലുള്ളവരും സംഘടിത കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട അന്വേഷണങ്ങളില്‍ ഉള്‍പ്പെട്ടതായുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്.