ഓസ്റ്റിന്‍ മാര്‍ത്തോമാ ദേവാലയത്തില്‍ സംഗീത ധ്യാനം ശ്രദ്ധേയമായി

By: 600002 On: Aug 7, 2026, 11:38 AM



 

ജീമോന്‍ റാന്നി

ഓസ്റ്റിന്‍ (ടെക്‌സാസ്): ഓസ്റ്റിന്‍ മാര്‍ത്തോമാ ദേവാലയത്തില്‍ സംഘടിപ്പിച്ച ഗായകസംഘത്തിന്റെ ആത്മീയ ശുശ്രൂഷാ ക്യാമ്പിന്റെ ഭാഗമായി നടന്ന ''സംഗീത ധ്യാനം'' പങ്കെടുത്തവര്‍ക്ക് വേറിട്ട ആത്മീയ അനുഭവമായി.

പ്രശസ്ത സംഗീതസംവിധായകനും വേള്‍ഡ് പീസ് മിഷന്‍ സ്ഥാപക ചെയര്‍മാനുമായ ഡോ. സണ്ണി സ്റ്റീഫന്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി. ദൈവവചനവും സംഗീതവും സമന്വയിപ്പിച്ച ധ്യാനരീതിയിലൂടെ വിശ്വാസജീവിതത്തെ കൂടുതല്‍ ആഴത്തിലാക്കുന്നതിനും സംഗീതത്തെ ദൈവാരാധനയുടെ ശക്തമായ ശുശ്രൂഷയായി തിരിച്ചറിയുന്നതിനും അദ്ദേഹം ആഹ്വാനം ചെയ്തു.

ഗാനങ്ങള്‍, ബൈബിള്‍ അധ്യായനങ്ങള്‍, ആത്മീയ ചിന്തകള്‍, സംഗീതധ്യാനം എന്നിവ ഉള്‍ക്കൊള്ളുന്ന സെഷനുകളില്‍ ഗായകസംഘാംഗങ്ങള്‍ സജീവമായി പങ്കെടുത്തു. സംഗീതം വെറും കലാപ്രകടനമല്ല, ദൈവമഹത്വത്തിനായുള്ള സമര്‍പ്പിത ശുശ്രൂഷയും സുവിശേഷത്തിന്റെ ശക്തമായ സാക്ഷ്യവുമാണെന്ന് ഡോ. സണ്ണി സ്റ്റീഫന്‍ ഓര്‍മ്മിപ്പിച്ചു.

ഗായകസംഘാംഗങ്ങള്‍ ആത്മീയ വിശുദ്ധിയോടും സംഗീത മികവോടും കൂടെ ആരാധനയെ നയിക്കേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം വിശദീകരിച്ചു. സംഗീതത്തിലൂടെ മനസ്സിനും ആത്മാവിനും നവോന്മേഷം പകരുന്ന ഈ ധ്യാനപരിപാടി പങ്കെടുത്തവര്‍ക്ക് ഏറെ പ്രചോദനവും ആത്മീയ ഉണര്‍വും സമ്മാനിച്ചതായി അവര്‍ അഭിപ്രായപ്പെട്ടു.

ഇടവക വികാരിയുടെയും ഭാരവാഹികളുടെയും നേതൃത്വത്തില്‍ സംഘടിപ്പിച്ച ഗായകസംഘ ക്യാമ്പില്‍ ആരാധന, പ്രാര്‍ത്ഥന, സംഗീതപരിശീലനം, ആത്മീയ പഠനം, കൂട്ടായ്മ എന്നിവയും നടന്നു. വിശ്വാസത്തിലും സംഗീതശുശ്രൂഷയിലും കൂടുതല്‍ വളര്‍ച്ച ലക്ഷ്യമിട്ട ഈ പരിപാടി ഓസ്റ്റിന്‍ മാര്‍ത്തോമാ ദേവാലയത്തിന്റെ ആരാധനാ ശുശ്രൂഷയ്ക്ക് പുതിയ ആത്മീയ ഉണര്‍വ് പകര്‍ന്നതായി വികാരി റവ. കോശി കുര്യന്‍ അറിയിച്ചു.