ബാറ്ററികൾ അലക്ഷ്യമായി വലിച്ചെറിയരുതെന്ന മുന്നറിയിപ്പുമായി കാൽഗറി നഗരസഭ

By: 600110 On: Aug 6, 2026, 2:17 PM

ബാറ്ററികൾ അലക്ഷ്യമായി വലിച്ചെറിയരുതെന്ന മുന്നറിയിപ്പുമായി കാൽഗറി നഗരസഭ. നഗരത്തിലെ സ്‌പൈഹിൽ, ഷെപ്പേർഡ് ലാൻഡ്‌ഫില്ലുകളിലുണ്ടായ വൻ തീപിടുത്തങ്ങൾക്ക് കാരണം ബാറ്ററികൾ തെറ്റായ രീതിയിൽ ഉപേക്ഷിച്ചതാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഈ നടപടി.

ബാറ്ററികൾ അമരുമ്പോഴോ കേടുപാടുകൾ സംഭവിക്കുമ്പോഴോ തീപ്പൊരി ചിതറാനോ പൊട്ടിത്തെറിക്കാനോ സാധ്യതയേറെയാണ്. അതിനാൽ ബ്ലൂ, ബ്ലാക്ക്, ഗ്രീൻ ബിന്നുകളിൽ ഇവ ഇടരുതെന്നും നിർദ്ദിഷ്ട കളക്ഷൻ സെൻ്ററുകളിൽ മാത്രമേ കൈമാറാവൂ എന്നും സിറ്റി ഹാൾ വ്യക്തമാക്കി. മൊബൈൽ ഫോണുകൾ, ടാബ്‌ലെറ്റുകൾ, വേപ്പുകൾ, ഇ-സിഗരറ്റുകൾ, സ്മോക്ക് ഡിറ്റക്ടറുകൾ തുടങ്ങിയ ദൈനംദിന ഉപകരണങ്ങളിലെല്ലാം ബാറ്ററികളുണ്ടെന്ന് ജനങ്ങൾ ഓർക്കണമെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.

 ബാറ്ററികൾ ഒറിജിനൽ പാക്കിംഗിൽ സൂക്ഷിക്കുകയോ, ബ്രാൻഡ് ലേബൽ മറയാത്ത രീതിയിൽ ബാറ്ററിയുടെ അറ്റങ്ങളിൽ ഇലക്ട്രിക്കൽ ടേപ്പോ ഡക്ട് ടേപ്പോ ഒട്ടിക്കുകയോ ചെയ്യണമെന്നാണ് നിർദ്ദേശം.  ടേപ്പ് ചെയ്ത ബാറ്ററികൾ സുതാര്യമായ, അടയ്ക്കാൻ കഴിയുന്ന പ്ലാസ്റ്റിക് ബാഗുകളിൽ സൂക്ഷിക്കുക. 'Recycle Your Batteries Canada!', ഇക്കോ സെന്ററുകൾ, മറ്റ് ഗാർഹിക മാലിന്യ ശേഖരണ കേന്ദ്രങ്ങൾ എന്നിവ വഴി മാത്രം ബാറ്ററികൾ പുനരുപയോഗത്തിനായി നൽകാനും നിർദ്ദേശമുണ്ട്..

ബാറ്ററികൾ വഴി ഉണ്ടാകുന്ന തീപിടുത്തങ്ങൾ അതിവേഗം പടരാനും വലിയ നാശനഷ്ടങ്ങൾ ഉണ്ടാക്കാനും സാധ്യതയുണ്ട്. അതിനാൽ പരിസ്ഥിതി സംരക്ഷിക്കുന്നതിനും ലാൻഡ്‌ഫിൽ ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും എല്ലാവരും ശരിയായ മാർഗ്ഗങ്ങൾ പാലിക്കണമെന്ന് കാൽഗറി നഗരസഭ അഭ്യർത്ഥിച്ചു.