AI ഉപയോഗിച്ച് സുരക്ഷ വിലയിരുത്തുന്ന ഓപ്പൺ സോഴ്‌സ് കോഡുകളിൽ വലിയ വീഴ്ച സംഭവിച്ചതായി കാനഡ ആസ്ഥാനമായുള്ള പ്രമുഖ ബിറ്റ്‌കോയിൻ വാലറ്റ് നിർമ്മാതാക്കളായ കോയിൻകൈറ്റ്. വാലറ്റുകളിൽ സംഭവിച്ച സോഫ്റ്റ്‌വെയർ പിഴവ് മുതലെടുത്ത് ഹാക്കർമാർ ഏകദേശം 13 കോടി യു.എസ്. ഡോളർ മൂല്യം വരുന്ന ബിറ്റ്‌കോയിനുകൾ കവർന്ന പശ്ചാത്തലത്തിലാണ് കമ്പനിയുടെ വെളിപ്പെടുത്തൽ. തങ്ങൾ നേരിട്ട ഈ സുരക്ഷാ വീഴ്ച ബിറ്റ്‌കോയിൻ ഹാർഡ്‌വെയറുകളും സോഫ്റ്റ്‌വെയറുകളും വികസിപ്പിക്കുന്ന എല്ലാ സാങ്കേതിക സ്ഥാപനങ്ങൾക്കുമുള്ള ശക്തമായ മുന്നറിയിപ്പാണെന്ന് കോയിൻകൈറ്റ് വ്യക്തമാക്കുന്നു.
കമ്പനിയുടെ ജനപ്രിയ ഉൽപ്പന്നമായ 'കോൾഡ്കാർഡ്' വാലറ്റുകളിൽ ഉപയോഗിച്ച സാങ്കേതിക വിദ്യയിലാണ് ഗുരുതരമായ കോഡിംഗ് പിഴവ് കണ്ടെത്തിയത്. സുരക്ഷ പരിശോധനകൾക്കായി നിർമ്മിത ബുദ്ധി സംവിധാനങ്ങളെ ആശ്രയിച്ചിരുന്നെങ്കിലും, സോഫ്റ്റ്‌വെയറിന്റെ ബിൽഡ്, സബ്-മോഡ്യൂൾ ബൗണ്ടറീസിൽ ഉണ്ടായ പിഴവ് കണ്ടെത്താൻ AI-ക്ക് സാധിച്ചില്ലെന്ന് കമ്പനി ബ്ലോഗ് പോസ്റ്റിലൂടെ വ്യക്തമാക്കി. ഇതേത്തുടർന്ന്, ഓപ്പൺ സോഴ്‌സ് കോഡുകളെയും സുരക്ഷയ്ക്കായി AI സംവിധാനങ്ങളെയും മാത്രം ആശ്രയിക്കുന്ന എല്ലാ ക്രിപ്‌റ്റോ കമ്പനികളും തങ്ങളുടെ സോഫ്റ്റ്‌വെയറുകൾ അടിയന്തരമായി പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് അവർ ആവശ്യപ്പെട്ടു.
ബിറ്റ്‌കോയിൻ സുരക്ഷിതമായി സൂക്ഷിക്കാൻ സഹായിക്കുമെന്ന് കരുതപ്പെടുന്ന ഹാർഡ്‌വെയർ വാലറ്റുകളിൽ തന്നെ ഇത്തരം വലിയ സുരക്ഷാ ലംഘനം ഉണ്ടായത് ക്രിപ്‌റ്റോ മേഖലയെ വലിയ രീതിയിൽ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. സാങ്കേതിക പിഴവിൽ തങ്ങൾക്ക് അത്യധികം ദുഃഖമുണ്ടെന്നും തകരാറിലായ സോഫ്റ്റ്‌വെയർ പതിപ്പുകൾ ഉടനടി മാറ്റുകയും ബാധിക്കപ്പെട്ട ഉപഭോക്താക്കൾക്ക് സഹായങ്ങൾ നൽകുകയും ചെയ്യുന്നതായി കോയിൻകൈറ്റ് അറിയിച്ചു. കൂടാതെ, AI സംവിധാനങ്ങൾ നൽകുന്ന സുരക്ഷാ ഉറപ്പുകൾ പൂർണ്ണമല്ലെന്നും, നിർണ്ണായക കോഡുകൾ മനുഷ്യർ നേരിട്ട് പുനഃപരിശോധിക്കേണ്ടതിൻ്റെ ആവശ്യകതയാണ് ഈ സംഭവം ചൂണ്ടിക്കാണിക്കുന്നതെന്നും വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു.