ആൽബർട്ടയിൽ വിൻഡ്‌ഷീൽഡ് വാഷർ ഫ്ലൂയിഡ് കണ്ടെയ്നറുകൾക്ക് 48 സെൻ്റ് റീസൈക്ലിംഗ് ഫീസ് പ്രാബല്യത്തിൽ

By: 600110 On: Aug 6, 2026, 2:00 PM

 

ആൽബെർട്ടയിൽ നാല് ലിറ്ററിന്റെ വിൻഡ്‌ഷീൽഡ് വാഷർ ഫ്ലൂയിഡ് കണ്ടെയ്നറുകൾക്ക് നിർബന്ധിത 48 സെന്റ് റീസൈക്ലിംഗ് ഫീസ് പ്രാബല്യത്തിൽ വന്നു. മുൻപ് ഏർപ്പെടുത്തിയിരുന്ന അമിത ഫീസിനെക്കുറിച്ച് ഉപഭോക്താക്കളിൽ നിന്ന് പരാതി ഉയർന്നതിനെ തുടർന്ന് സർക്കാർ നടത്തിയ സമഗ്രമായ അവലോകനത്തിന് ശേഷമാണ് ഈ തീരുമാനം. പുതിയ നിരക്ക് പ്രകാരം കണ്ടെയ്നർ ശേഷിയുടെ ഒരു ലിറ്ററിന് 12 സെന്റ് വീതമാണ് പുനരുപയോഗ ഫീസായി ഈടാക്കുന്നത്.

കാൽഗറി സ്വദേശിയായ ആദം താച്ചർ എന്ന ഉപഭോക്താവിന് 4.98 ഡോളറിന്റെ വാഷർ ഫ്ലൂയിഡ് വാങ്ങിയപ്പോൾ 2.20 ഡോളർ റീസൈക്ലിംഗ് ഫീസായി ഈടാക്കിയതോടെയാണ് ഈ വിഷയം പ്രവിശ്യാ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുന്നത്. ഉപഭോക്താക്കളിൽ നിന്ന് കടകളിൽ അമിത ഫീസ് ഈടാക്കുന്നത് അനുവദിക്കാനാവില്ലെന്ന് പരിസ്ഥിതി, സംരക്ഷിത മേഖല വകുപ്പ് മന്ത്രി ഗ്രാന്റ് ഹണ്ടർ വ്യക്തമാക്കി. നിർമ്മാതാക്കൾ കൗണ്ടറുകളിൽ കൃത്യസമയത്ത് പരിഷ്കരിച്ച നിരക്കുകൾ പുതുക്കി നൽകാത്തതാണ് ചില ഉപഭോക്താക്കൾക്ക് കൂടുതൽ തുക നൽകേണ്ടി വന്ന സാഹചര്യം ഉണ്ടാക്കിയതെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു.

പുതിയ ചട്ടക്കൂടിന്റെ ഭാഗമായി വിൻഡ്‌ഷീൽഡ് വാഷർ ഫ്ലൂയിഡ്, ഡീസൽ എക്‌സ്‌ഹോസ്റ്റ് ഫ്ലൂയിഡ്, ആന്റിഫ്രീസ് എന്നിവയുടെ കണ്ടെയ്നറുകളെ അൽബെർട്ടയുടെ ഉപയോഗിച്ച ഓയിൽ റീസൈക്ലിംഗ് പ്രോഗ്രാമിലേക്ക്  മാറ്റിയിട്ടുണ്ട്. അൽബെർട്ട റീസൈക്ലിംഗ് മാനേജ്‌മെന്റ് അതോറിറ്റി വഴി ശേഖരിക്കുന്ന ഈ ഫീസ്, ഉൽപ്പന്നങ്ങളുടെ ശേഖരണത്തിനും പുനരുപയോഗ പ്രക്രിയകൾക്കുമായി വിനിയോഗിക്കും. ഇതൊടൊപ്പം പ്രോഗ്രാമിൽ സ്വീകരിക്കുന്ന കണ്ടെയ്‌നറുകളുടെ പരമാവധി സംഭരണ ശേഷി 30 ലിറ്ററിൽ നിന്ന് 50 ലിറ്ററായി ഉയർത്തുകയും ചെയ്തിട്ടുണ്ട്.