അമേരിക്കൻ ജനപ്രതിനിധികളേക്കാൾ ഇരട്ടി ശമ്പളം കൈപ്പറ്റുന്നവരാണ് കാനഡയിലെ പ്രവിശ്യാ രാഷ്ട്രീയ നേതാക്കളെന്ന് പഠന റിപ്പോർട്ട്

By: 600110 On: Aug 6, 2026, 1:55 PM

 

 

 

കനേഡിയൻ ടാക്സ് പേയേഴ്സ് ഫെഡറേഷൻ (CTF) പുറത്തുവിട്ട പുതിയ പഠന റിപ്പോർട്ടിലാണ് ഇത് സംബന്ധിച്ച വിശദാംശങ്ങളുള്ളത്. എന്നാൽ ഉയർന്ന ശമ്പളം നൽകുന്നതുകൊണ്ട് ജനങ്ങൾക്ക് കൂടുതൽ മെച്ചപ്പെട്ട സേവനങ്ങളോ വികസനമോ ലഭിക്കുന്നില്ലെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. കഴിഞ്ഞ വർഷത്തെ കണക്കനുസരിച്ച് ഒരു കനേഡിയൻ പ്രവിശ്യാ ജനപ്രതിനിധിയുടെ ശരാശരി വാർഷിക ശമ്പളം 1,15,378 കനേഡിയൻ ഡോളറാണ്. എന്നാൽ അമേരിക്കയിലിത് 58,241 ഡോളർ മാത്രമാണ്. കാനഡയിലെ 70 ശതമാനം പ്രവിശ്യാ ജനപ്രതിനിധികളും ഒരു ലക്ഷം ഡോളറിന് മുകളിൽ ശമ്പളം വാങ്ങുമ്പോൾ, അമേരിക്കയിൽ 18 ശതമാനം ജനപ്രതിനിധികൾക്ക് മാത്രമാണ് ഈ വരുമാനമുള്ളത്.

മിടുക്കരായ ആളുകളെ ഭരണരംഗത്തേക്ക് ആകർഷിക്കാനാണ് ഉയർന്ന ശമ്പളം നൽകുന്നതെന്നാണ് രാഷ്ട്രീയക്കാരുടെ വാദം. എന്നാൽ ഉയർന്ന ശമ്പളം നൽകുന്ന മേഖലകളിൽ നികുതിപ്പണം കാര്യക്ഷമമായി ഉപയോഗിക്കപ്പെടുന്നില്ലെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ഉദാഹരണത്തിന്, വളരെ കുറഞ്ഞ ശമ്പളം മാത്രം (10,331 ഡോളർ) നൽകുന്ന അമേരിക്കൻ സംസ്ഥാനമായ ടെക്സസിലെ ആളോഹരി വരുമാനം കാനഡയിലെ ഏത് പ്രവിശ്യയേക്കാളും വളരെ കൂടുതലാണ്.

ഉയർന്ന ശമ്പളം കൈപ്പറ്റുന്ന കനേഡിയൻ പ്രവിശ്യകളിലാണ് നികുതി നിരക്കുകളും ഏറ്റവും കൂടുതലായി രേഖപ്പെടുത്തിയിരിക്കുന്നത്. ജനങ്ങൾക്ക് മെച്ചപ്പെട്ട സേവനങ്ങൾ നൽകുന്നതിന് പകരം സ്വന്തം ശമ്പളവും ആനുകൂല്യങ്ങളും വർദ്ധിപ്പിക്കുന്നതിലാണ് പ്രവിശ്യാ ജനപ്രതിനിധികൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് സി.ടി.എഫ് പ്രതിനിധികൾ വിമർശിച്ചു. ഭാരിച്ച നികുതിഭാരം ചുമത്തുന്ന ഭരണാധികാരികൾ സ്വന്തം ശമ്പളം കൂട്ടുന്നതിന് പകരം സാധാരണക്കാരുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ കുറയ്ക്കാനാണ് ശ്രമിക്കേണ്ടതെന്നും അവർ കൂട്ടിച്ചേർത്തു.