ഓൺലൈനിലൂടെയുള്ള വിദ്വേഷ പ്രസംഗങ്ങളും അധിക്ഷേപങ്ങളും പോലീസിനെ അറിയിക്കണമെന്ന് അഭ്യർത്ഥിച്ച് സോഷ്യൽ മീഡിയയിൽ വീഡിയോ പങ്കുവെച്ച എഡ്മണ്ടൻ പോലീസിൻ്റെ നടപടി വൻ വിവാദത്തിലേക്ക്. അഭിപ്രായ സ്വാതന്ത്ര്യത്തെയും കുറ്റകരമായ വിദ്വേഷ പ്രസംഗത്തെയും പോലീസ് ഒന്നായി കാണുന്നുവെന്ന് ആരോപിച്ച് വലിയ വിമർശനമാണ് ഉയരുന്നത്. അഭിപ്രായങ്ങളെ നിരീക്ഷിക്കുന്നതിന് പകരം അക്രമങ്ങൾ തടയുന്നതിനാണ് പോലീസ് മുൻഗണന നൽകേണ്ടതെന്ന് ആൽബർട്ട പ്രീമിയറും ജസ്റ്റിസ് മിനിസ്റ്ററും പ്രതികരിച്ചു.
വർദ്ധിച്ചുവരുന്ന വിദ്വേഷ കുറ്റകൃത്യങ്ങൾ ചൂണ്ടിക്കാണിച്ചാണ് പോലീസ് ഈ ബോധവൽക്കരണ വീഡിയോ പുറത്തിറക്കിയത്. എന്നാൽ വീഡിയോക്കെതിരെ രൂക്ഷവിമർശനവുമായി ആൽബർട്ട പ്രീമിയർ ഡാനിയൽ സ്മിത്ത് രംഗത്തെത്തി. അഭിപ്രായ സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടേണ്ടതാണെന്നും, ജനങ്ങൾക്ക് ഇഷ്ടപ്പെടാത്തതോ മതപരമോ ആയ പ്രസ്താവനകളെ പോലീസ് കുറ്റകൃത്യമായി കാണരുതെന്നും അവർ മുന്നറിയിപ്പ് നൽകി. അക്രമം, ലഹരിമരുന്ന്, മോഷണം തുടങ്ങിയ ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പകരം ജനങ്ങളുടെ വികാരങ്ങളെ പൊലീസ് നിരീക്ഷിക്കേണ്ടതില്ലെന്ന് ജസ്റ്റിസ് മിനിസ്റ്റർ മൈക്ക് എലിസും പറഞ്ഞു.
അതേസമയം, പോലീസിൻ്റെ ശ്രമത്തെ പിന്തുണച്ച് പ്രമുഖ കമ്മ്യൂണിറ്റി ലീഡറായ വരിന്ദർ ഭുള്ളർ രംഗത്തെത്തി. വിദ്വേഷ കമൻ്റുകൾ സമീപകാലത്ത് വർദ്ധിച്ചിട്ടുണ്ടെന്നും "സ്വന്തം രാജ്യത്തേക്ക് മടങ്ങൂ" എന്നൊക്കെയുള്ള അധിക്ഷേപങ്ങൾ വംശീയമായ ആക്രമണമാണെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം നീക്കങ്ങളെ വിമർശിക്കുന്നതിന് പകരം വിദ്വേഷ അധിക്ഷേപങ്ങളെ സർക്കാർ തള്ളിപ്പറയുകയാണ് വേണ്ടതെന്നും ഭുള്ളർ അഭിപ്രായപ്പെട്ടു.
എന്നാൽ, അധിക്ഷേപകരമായ വാക്കുകൾ വംശീയമാകാം എങ്കിലും അവയെല്ലാം കുറ്റകൃത്യങ്ങളുടെ പരിധിയിൽ വരില്ലെന്ന് ഭരണഘടനാ വിദഗ്ദ്ധർ വ്യക്തമാക്കുന്നു. വ്യക്തിസ്വാതന്ത്ര്യവും വിദ്വേഷത്തിനെതിരെയുള്ള നടപടികളും തമ്മിലുള്ള നേർത്ത വരയെക്കുറിച്ച് വലിയ ചർച്ചകൾക്കാണ് ഈ സംഭവം വഴിവെച്ചിരിക്കുന്നത്.