വാൻകൂവറിൽ സുരക്ഷാ ജീവനക്കാരൻ്റെ തലപ്പാവ് വലിച്ചൂരി മർദ്ദനം: വംശീയാക്രമണമെന്ന് സംശയം

By: 600110 On: Aug 6, 2026, 1:18 PM

കാനഡയിലെ വാൻൂകവറിൽ സെക്യൂരിറ്റി ജീവനക്കാരൻ്റെ തലപ്പാവ് വലിച്ചൂരുകയും വംശീയമായി അധിക്ഷേപിക്കുകയും ചെയ്ത സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. മെയ്ൻ സ്ട്രീറ്റിലെയും സെക്കൻഡ് അവന്യൂവിലെയും ഒരു ഫാസ്റ്റ് ഫുഡ് റെസ്റ്റോറൻ്റിന് മുന്നിൽ യാചന നടത്തിയിരുന്ന 44-കാരനായ വ്യക്തിയാണ് അക്രമം അഴിച്ചുവിട്ടത്.

ഓഗസ്റ്റ് നാലിന് രാവിലെ ഒമ്പത് മണിയോടെയായിരുന്നു സംഭവം. റെസ്റ്റോറൻ്റിന് മുന്നിൽ നിന്ന് മാറിനിൽക്കാൻ ആവശ്യപ്പെട്ട സുരക്ഷാ ജീവനക്കാരന് നേരെ ഇയാൾ കപ്പ് എറിയുകയും തള്ളിയിടുകയും ചെയ്തു. തുടർന്ന് സുരക്ഷാ ജീവനക്കാരൻ്റെ വംശത്തെയും മതത്തെയും അധിക്ഷേപിക്കുന്ന രീതിയിൽ സംസാരിച്ച അക്രമി, അദ്ദേഹത്തെ മർദ്ദിച്ച ശേഷം തലപ്പാവ് വലിച്ചൂരുകയായിരുന്നു.

ഇതിനുശേഷവും ഇയാൾ അക്രമം തുടർന്നു. തൊട്ടടുത്തുള്ള തെരുവിൽ വെച്ച് മറ്റൊരു വ്യക്തിയെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുകയും ചെയ്തു. പണം നൽകിയിട്ടും ആ വ്യക്തിയുടെ തലയ്ക്ക് മർദ്ദിച്ച ശേഷം വീണ്ടും പണം ആവശ്യപ്പെട്ടു. തുടർന്ന് അവിടെ നിന്ന് രക്ഷപ്പെട്ട ഇരയായ വ്യക്തിയാണ് പോലീസിൽ വിവരമറിയിച്ചത്.

സമീപത്തെ ഒരു വസതിയിൽ നിന്ന് പ്രതിയെ വാൻകൂവർ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾക്കെതിരെ മോഷണം, മർദ്ദനം എന്നീ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. സംഭവം വർഗ്ഗീയ അധിക്ഷേപത്തിൻ്റെ ഭാഗമാണോ എന്ന കാര്യത്തിൽ പോലീസിൻ്റെ പ്രത്യേക സംഘം കൂടുതൽ അന്വേഷണം നടത്തുകയാണ്.