വിദ്യാർത്ഥി വിസ ദുരുപയോഗം ചെയ്ത് കാനഡയിൽ അധോലോക സാമ്രാജ്യം കെട്ടിപ്പടുത്ത് ബിഷ്ണോയ് ഗ്യാങ്ങ്

By: 600110 On: Aug 6, 2026, 1:11 PM

 

 

കാനഡയിൽ ഇന്ത്യൻ അധോലോക സംഘമായ ബിഷ്ണോയ് ഗ്യാങ് ശക്തമാകാൻ കാരണം രാജ്യത്തെ സ്റ്റുഡന്റ് വിസ പ്രോഗ്രാമിന്റെ ദുരുപയോഗമാണെന്ന് വ്യക്തമാക്കുന്ന രഹസ്യാന്വേഷണ റിപ്പോർട്ട് പുറത്ത്. കാനഡ ബോർഡർ സർവീസസ് ഏജൻസി (CBSA) തയ്യാറാക്കിയ അന്വേഷണ റിപ്പോർട്ടിലാണ് വിവരങ്ങളുള്ളത്.

കുപ്രസിദ്ധ കുറ്റവാളി ലോറൻസ് ബിഷ്ണോയിയുടെ പ്രധാന അനുയായിയായ ഗോൾഡി ബ്രാർ 2017-ൽ കാനഡയിലെത്തിയത് വിദ്യാർത്ഥി വിസയിലായിരുന്നു. പഠിക്കാനെന്ന പേരിൽ വിദേശത്തെത്തിയ ഇയാൾ പിന്നീട് അവിടെ കൊലപാതകങ്ങളും തട്ടിക്കൊണ്ടുപോകലുകളും ആസൂത്രണം ചെയ്യുന്ന ക്രിമിനൽ സംഘത്തെ കെട്ടിപ്പടുക്കുകയായിരുന്നു. കാനഡയിലേക്ക് പഠനത്തിനും ജോലിക്കുമായി എത്തുന്ന ഇന്ത്യൻ യുവാക്കളെ ബിഷ്ണോയ് സംഘം തങ്ങളുടെ കുറ്റകൃത്യങ്ങൾക്കായി ഉപയോഗപ്പെടുത്തുന്നുണ്ടെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.

2016 മുതൽ 2024 വരെയുള്ള കാലയളവിൽ സ്റ്റുഡന്റ് വിസയിലെത്തിയ ഇന്ത്യക്കാർ ഉൾപ്പെട്ട കുറ്റകൃത്യങ്ങളിൽ വലിയ വർദ്ധനവുണ്ടായിട്ടുണ്ട്. 2024-ൽ മാത്രം വിദ്യാർത്ഥി വിസയിലുള്ള 2,400-ലധികം ഇന്ത്യൻ പൗരന്മാർക്കെതിരെ 13,000-ത്തിലധികം കേസുകളാണ് രജിസ്റ്റർ ചെയ്തത്. കാനഡയിൽ പണം തട്ടൽ (Extortion) കേസുകൾ പൊതുവെ കുറഞ്ഞപ്പോഴും, ഇന്ത്യൻ പൗരന്മാർ പ്രതികളായ കേസുകളിൽ 47 ശതമാനത്തിന്റെ വർദ്ധന രേഖപ്പെടുത്തി. അവിടെയുള്ള തെക്കേ ഏഷ്യൻ വംശജരെ ഭീഷണിപ്പെടുത്തി വൻ തുക തട്ടിയെടുക്കുന്നതിന് പിന്നിൽ ഈ സംഘമാണെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.

വിദ്യാർത്ഥികൾക്ക് കൃത്യമായ പശ്ചാത്തല പരിശോധനയില്ലാതെ വിസ അനുവദിച്ച കാനഡ സർക്കാരിന്റെ അയഞ്ഞ നയങ്ങളാണ് ക്രിമിനലുകൾക്ക് രാജ്യത്തേക്ക് കടക്കാനും യുവാക്കളെ വഴിതെറ്റിക്കാനും അവസരമൊരുക്കിയതെന്ന് വിദഗ്ദ്ധർ വിമർശിക്കുന്നു. നിലവിൽ കാനഡ അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് വിസ നൽകുന്നതിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.