ജീമോന്‍ റാന്നി
ഡാളസ്: മാര്‍ത്തോമാ ചര്‍ച്ച് ഓഫ് ഡാളസ് (ഫാര്‍മേഴ്സ് ബ്രാഞ്ച്) ഇടവകയുടെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ക്ക് (Golden Jubilee Finale) ഭക്തിനിര്‍ഭരവും പ്രൗഢവുമായ സമാപനം. മൂന്ന് ദിവസങ്ങളിലായി നടന്ന സമാപന പരിപാടികള്‍ക്കും ഓഗസ്റ്റ് 1 ശനിയാഴ്ച നടന്ന ഗംഭീരമായ പൊതുസമ്മേളനത്തിനും മാര്‍ത്തോമാ സഭയുടെ പരമാധ്യക്ഷന്‍ മോസ്റ്റ് റവ. ഡോ. തിയോഡോഷ്യസ് മാര്‍ത്തോമാ മെത്രാപ്പോലീത്ത മുഖ്യ അതിഥിയായിരുന്നു.
പൊതുസമ്മേളനം ഗായക സംഘത്തിന്റെ നേതൃത്വത്തില്‍ അമേരിക്കന്‍-ഇന്ത്യന്‍ ദേശീയ ഗാനങ്ങളോടെ ആരംഭിച്ചു. അസ്സി -വികാരി റവ. ജെസ്വിന്‍ ജോണിന്റെ പ്രാരംഭ പ്രാര്‍ത്ഥനയ്ക്ക് ശേഷം ഇടവക സെക്രട്ടറി ഡെന്നിസ് കുര്യന്‍ സ്വാഗതം ആശംസിച്ചു.
ഇടവക ഗായകസംഘം ജൂബിലി ഗാനം ആലപിച്ചു. അഭിവന്ദ്യ മെത്രാപ്പോലീത്തയുടെ മുഖ്യ സന്ദേശത്തിലൂടെ ഇടവകയുടെ 50 വര്‍ഷത്തെ വിശ്വാസയാത്രയില്‍ ദൈവത്തിന്റെ വിശ്വസ്തതയ്ക്കായി നന്ദി അര്‍പ്പിച്ചു. യോശുവ 4:6 ഉദ്ധരിച്ച്, ഈ ജൂബിലി ആഘോഷം സ്വന്തം നേട്ടങ്ങളെയല്ല, മറിച്ച് ദൈവം സഭയിലൂടെ ചെയ്ത വന്‍കാര്യങ്ങളെയാണ് സ്മരിക്കുന്നതെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. അപരിചിതമായ നാട്ടിലേക്ക് കടന്നുവന്ന് വിശ്വാസവും ആരാധനാ പാരമ്പര്യവും കാത്തുസൂക്ഷിച്ച ആദ്യകാല തലമുറയുടെ ത്യാഗങ്ങളെ അദ്ദേഹം അനുസ്മരിച്ചു.
ബസ്തര്‍ മിഷന്‍, കനവ് പ്രോജക്ട്, ഭവന നിര്‍മ്മാണം തുടങ്ങി ഇടവക ഏറ്റെടുത്ത ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ച മെത്രാപ്പോലീത്ത ആദ്യ തലമുറ ത്യാഗം കൊണ്ട് സഭ പണിതുവെങ്കില്‍, നിലവിലെ തലമുറ ലക്ഷ്യബോധമുള്ള ശിഷ്യത്വത്തിലൂടെ (Intentional Discipleship) അടുത്ത തലമുറയെ ആത്മീയമായി കെട്ടിപ്പടുക്കണമെന്ന് ആഹ്വാനം ചെയ്തു. കഴിഞ്ഞ 50 വര്‍ഷം ' നടീലിന്റെ ' (Planting) സമയമായിരുന്നുവെങ്കില്‍, വരും 50 വര്‍ഷം ദൈവരാജ്യ ദൗത്യത്തിന്റെ 'വര്‍ദ്ധനവിന്റേതായിരിക്കണം' (Multiplying God's Mission) എന്ന് അദ്ദേഹം ഉദ്‌ബോദിപ്പിച്ചു. ഭദ്രാസനാധിപന്‍ റൈറ്റ് റവ. ഡോ. എബ്രഹാം മാര്‍ പൗലോസ് എപ്പിസ്‌കോപ്പ വീഡിയോ സന്ദേശത്തിലൂടെ ജൂബിലി ആശംസകള്‍ അറിയിച്ചു.
ഇടവക വികാരി റവ. എബ്രഹാം വി. സാംസണ്‍ ആമുഖ പ്രഭാഷണം നടത്തുകയും, ജൂബിലി കണ്‍വീനര്‍ എബി തോമസ് ജൂബിലി റിപ്പോര്‍ട്ട് അവതരിപ്പിക്കുകയും ചെയ്തു.
ചടങ്ങില്‍ ഫാര്‍മേഴ്സ് ബ്രാഞ്ച് പ്രോ-ടെം മേയര്‍ ഡേവിഡ് റീഡ് (Pro-Tem Mayor David Reid), ഫയര്‍ ചീഫ് ഡാനിയല്‍ ലാറ്റിമര്‍ (Fire Chief Daniel Latimer) എന്നിവര്‍ പ്രത്യേക അതിഥികളായി പങ്കെടുത്തു സംസാരിക്കുകയും ഇടവകയ്ക്ക് ജൂബിലി ആശംസകള്‍ നേരുകയും ചെയ്തു.
ഡാളസിലെ എക്യുമെനിക്കല്‍ സഭകളെ പ്രതിനിധീകരിച്ച് റവ. ഫാ. ബിനു തോമസും, ഡാളസിലെ മാര്‍ത്തോമാ ഇടവകകളെ പ്രതിനിധീകരിച്ച് റവ. ജസ്റ്റിന്‍ പാപ്പച്ചനും ആശംസാ പ്രസംഗങ്ങള്‍ നിര്‍വഹിച്ചു. ഇടവകയില്‍ നിന്നും ഉള്ള പട്ടക്കാരായ റവ. അലക്‌സ് കോലോത്ത്, റവ. ക്രിസ് ഡാനിയല്‍, റവ. അരുണ്‍ വര്‍ഗീസ് എന്നിവരും ആശംസകള്‍ അര്‍പ്പിച്ചു.
ചടങ്ങില്‍ ജൂബിലി സൂവനീര്‍ പ്രകാശനം എബി ജോര്‍ജ്ജ്, ജോബി ജോണ്‍, സാമുവല്‍ യോഹന്നാന്‍ എന്നിവര്‍ ചേര്‍ന്ന് റവ. റോയ് എ തോമസിന് നല്‍കി നിര്‍വ്വഹിച്ചു. ജൂബിലി ഗാനമത്സര വിജയിയായ ജോര്‍ജ്ജ് വര്‍ഗീസിനും (ജയന്‍), ജൂബിലി ലോഗോ ഡിസൈന്‍ ചെയ്ത ജയ്ഡണ്‍ എബ്രഹാം, നോഹ ഡാനിയല്‍ എന്നിവര്‍ക്കും മെത്രാപ്പോലീത്ത പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു.
ട്രസ്റ്റി അലക്‌സ് ചാക്കോ നന്ദിയും, വൈസ് പ്രസിഡന്റ് ജോണ്‍ സി. മാത്യു സമാപന പ്രാര്‍ത്ഥനയും നിര്‍വ്വഹിച്ച യോഗം മെത്രാപ്പോലീത്തയുടെ ആശീര്‍വാദത്തോടെ സമാപിച്ചു.
ഓഗസ്റ്റ് 2 ഞായറാഴ്ച മാര്‍ത്തോമ്മാ മെത്രാപ്പോലീത്തായുടെ മുഖ്യകാര്‍മ്മികത്വത്തില്‍ നടന്ന വിശുദ്ധ കുര്‍ബാനയോടുകൂടി മാര്‍ത്തോമാ ചര്‍ച്ച് ഓഫ് ഡാളസ് (ഫാര്‍മേഴ്സ് ബ്രാഞ്ച്) ഗോള്‍ഡന്‍ ജൂബിലി ആഘോഷങ്ങള്‍ക്ക് അനുഗ്രഹീത സമാപനമായി.