മെക്‌സിക്കോയില്‍ ലൈവ് സ്ട്രീമിനിടെ ടിക്ടോക് ഇന്‍ഫ്‌ളുവന്‍സര്‍ വെടിയേറ്റ് കൊല്ലപ്പെട്ടു

By: 600002 On: Aug 6, 2026, 7:59 AM

 

പ്രസാദ് തീയാടിക്കല്‍

മെക്‌സിക്കോ സിറ്റി: മെക്‌സിക്കോയിലെ സിന്‍ലോവ സംസ്ഥാനത്ത് സോഷ്യല്‍ മീഡിയയില്‍ ലൈവ് സ്ട്രീം നടത്തുന്നതിനിടെ 25-കാരനായ ടിക്ടോക് ഇന്‍ഫ്‌ളുവന്‍സര്‍ സീസര്‍ ഗാസ്റ്റേലം വെടിയേറ്റ് കൊല്ലപ്പെട്ടു. അഞ്ച് ലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള ഗാസ്റ്റേലം സുഹൃത്തുക്കള്‍ക്കൊപ്പം വീഡിയോ ചിത്രീകരിക്കുന്നതിനിടെയാണ് ആക്രമണം നടന്നത്.

ഭക്ഷണ വിതരണ തൊഴിലാളിയുടെ വേഷത്തില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ചലഞ്ച് വീഡിയോ ചിത്രീകരിച്ചുകൊണ്ടിരിക്കെയായിരുന്നു മോട്ടോര്‍സൈക്കിളിലെത്തിയ അജ്ഞാത അക്രമി വെടിയുതിര്‍ന്നത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ സീസര്‍ ഗാസ്റ്റേലം സംഭവസ്ഥലത്തുവെച്ചുതന്നെ മരണത്തിന് കീഴടങ്ങിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

സംഭവം ലൈവായി സംപ്രേഷണം ചെയ്തിരുന്ന വീഡിയോ പിന്നീട് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ നിന്ന് നീക്കം ചെയ്തു. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതിനെ തുടര്‍ന്ന് അധികൃതര്‍ അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.

കൊലപാതകത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. പ്രതികളെ കണ്ടെത്തുന്നതിനായി പൊലീസ് അന്വേഷണം തുടരുകയാണെന്നും സംഭവവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചുവരികയാണെന്നും അധികൃതര്‍ അറിയിച്ചു.