ബീഹാറിന്റെ 'സൂപ്പര്‍ ഫുഡ്' കപ്പല്‍മാര്‍ഗം കാനഡയിലേക്ക്; 7 ടണ്‍ മിഥില മഖാനയുടെ ആദ്യ കയറ്റുമതി

By: 600002 On: Aug 6, 2026, 7:33 AM



 

പ്രസാദ് തീയാടിക്കല്‍

പാറ്റ്‌ന: ബിഹാറിന്റെ പ്രശസ്ത കാര്‍ഷിക ഉല്‍പ്പന്നമായ മിഥില മഖാന (Fox Nuts) ആദ്യമായി കടല്‍മാര്‍ഗം കാനഡയിലേക്ക് കയറ്റുമതി ചെയ്തു. ദര്‍ഭംഗയില്‍ നിന്ന് രണ്ട് കണ്ടെയ്നറുകളിലായി 7 മെട്രിക് ടണ്‍ മൂല്യവര്‍ധിത (Value-added) ഫ്‌ലേവര്‍ഡ് മഖാനയാണ് മുണ്ട്ര തുറമുഖം വഴി കാനഡയിലേക്ക് അയച്ചത്. ബിഹാറിന്റെ കാര്‍ഷിക കയറ്റുമതി രംഗത്തെ ചരിത്രനേട്ടമായാണ് ഈ സംരംഭം വിലയിരുത്തപ്പെടുന്നത്.

കൃഷി-സംസ്‌കരിച്ച ഭക്ഷ്യ ഉല്‍പ്പന്നങ്ങളുടെ കയറ്റുമതി പ്രോത്സാഹിപ്പിക്കുന്ന അജഋഉഅയുടെ നേതൃത്വത്തിലായിരുന്നു കയറ്റുമതി. ആരോഗ്യഗുണങ്ങള്‍ ഏറെയുള്ളതിനാല്‍ ലോകമെമ്പാടും ''സൂപ്പര്‍ ഫുഡ്'' എന്ന പേരില്‍ ശ്രദ്ധ നേടിയ മഖാനയ്ക്ക് അമേരിക്കയ്ക്കു പിന്നാലെ കാനഡയിലും വര്‍ധിച്ചുവരുന്ന ആവശ്യകതയുണ്ട്.

ബിഹാറിലെ മിഥില മേഖലയാണ് ഇന്ത്യയിലെ മഖാനയുടെ പ്രധാന ഉല്‍പാദനകേന്ദ്രം. ജി.ഐ. (Geographical Indication) അംഗീകാരം നേടിയ ഈ ഉല്‍പ്പന്നത്തിന്റെ ആദ്യ കടല്‍ കയറ്റുമതി സംസ്ഥാനത്തെ കര്‍ഷകര്‍ക്ക് പുതിയ അന്താരാഷ്ട്ര വിപണി തുറക്കുമെന്നും കാര്‍ഷിക മേഖലയ്ക്ക് വലിയ ഉത്തേജനമാകുമെന്നും അധികൃതര്‍ പ്രതീക്ഷ പ്രകടിപ്പിച്ചു. പ്രധാനമന്ത്രിയുടെ ഓഫീസും ബിഹാര്‍ മുഖ്യമന്ത്രിയും ഈ നേട്ടത്തെ അഭിനന്ദിച്ചിട്ടുണ്ട്.