മകളുടെ പീഡകനെ ടിക്ടോക്കിലൂടെ വരുതിയിലാക്കി പിതാവ് വെടിവെച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചു

By: 600002 On: Aug 5, 2026, 12:07 PM



 

പി പി ചെറിയാന്‍

ഒഹായോ: ഒഹായോയില്‍ 11 വയസ്സുള്ള മകളെ പീഡിപ്പിച്ച കേസിലെ പ്രതിയെ, ടിക്ടോക്കിലൂടെ വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കി വീട്ടില്‍ വരുത്തി വെടിവെച്ച പിതാവ് അറസ്റ്റില്‍. മാലിക ചാന്‍ഡ്ലര്‍ (31) ആണ് ഡീഗോ മോണ്ടോയ ഗോണ്‍സാലെസ് (11) എന്ന കുട്ടിയെ വെടിവെച്ചത്.

മകളുടെ ഫോണില്‍ പീഡന ദൃശ്യങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന്, പിതാവ് മാലിക ചാന്‍ഡ്ലര്‍ ടിക്ടോക്കില്‍ മകളുടെ പേരില്‍ വ്യാജ ചാറ്റ് നടത്തി പ്രതിയെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു.

പ്രതി പോക്കറ്റില്‍ നിന്ന് തോക്ക് എടുക്കാന്‍ ശ്രമിച്ചതായി സംശയിച്ചതിനെ തുടര്‍ന്ന് സ്വയം പ്രതിരോധത്തിനായാണ് വെടിവെച്ചതെന്ന് ചാന്‍ഡ്ലര്‍ പൊലീസിനോട് പറഞ്ഞു. വെടിവെപ്പില്‍ പരിക്കേറ്റ ഡീഗോയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഫെലണി അസാള്‍ട്ട് കുറ്റം ചുമത്തപ്പെട്ട ചാന്‍ഡ്ലറുടെ ജാമ്യത്തുക ഒരു ലക്ഷം ഡോളറായി നിശ്ചയിച്ചു.

പ്രതിക്കെതിരെയുള്ള നടപടികള്‍: ബലാത്സംഗം ഉള്‍പ്പെടെയുള്ള വിവിധ കുറ്റങ്ങള്‍ ചുമത്തി ഡീഗോ മോണ്ടോയ ഗോണ്‍സാലെസിനെതിരെ ഗ്രാന്‍ഡ് ജൂറി കുറ്റപത്രം സമര്‍പ്പിച്ചു. പ്രതിയുടെ ഫോണില്‍ നിന്ന് കുട്ടികള്‍ക്കെതിരായ അതിക്രമങ്ങളുടെ മറ്റ് ദൃശ്യങ്ങളും പ്രോസിക്യൂഷന്‍ കണ്ടെത്തിയിട്ടുണ്ട്.