ആൽബെർട്ടയിൽ നിന്നുള്ള പൈപ്പ് ലൈൻ പദ്ധതിയെ 'ദേശീയ പ്രാധാന്യമുള്ള' പദ്ധതിയായി പ്രഖ്യാപിക്കാനുള്ള നടപടികളുമായി ഫെഡറൽ സർക്കാർ മുന്നോട്ട്

By: 600110 On: Aug 5, 2026, 11:42 AM

ആൽബെർട്ടയിൽ നിന്നും വെസ്റ്റ് കോസ്റ്റിലേക്കുള്ള പുതിയ എണ്ണ പൈപ്പ് ലൈൻ പദ്ധതിയെ 'ദേശീയ പ്രാധാന്യമുള്ള' പദ്ധതിയായി പ്രഖ്യാപിക്കാനുള്ള നടപടികളുമായി ഫെഡറൽ സർക്കാർ മുന്നോട്ട്. 'ബിൽഡിംഗ് കാനഡ ആക്ട്' പ്രകാരം ഒരു പദ്ധതിയെ ദേശീയ പ്രാധാന്യമുള്ളതായി പ്രഖ്യാപിച്ചാൽ, സാധാരണയുള്ള പരിസ്ഥിതി നിയമങ്ങളിൽ ഇളവുകൾ നൽകാനും അനുമതികൾ വേഗത്തിലാക്കാനും സർക്കാരിന് സാധിക്കും.

ഇതുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്ക് അഭിപ്രായം അറിയിക്കാനായി സെപ്റ്റംബർ 18 വരെ സമയപരിധി അനുവദിച്ചിട്ടുണ്ട്. ട്രാൻസ് മൗണ്ടൻ, ആൽബെർട്ട പെട്രോളിയം മാർക്കറ്റിംഗ് കമ്മീഷൻ, പെംബിന പൈപ്പ് ലൈൻ കോർപ്പറേഷൻ എന്നിവ ചേർന്നാണ് ഈ പദ്ധതിക്ക് നേതൃത്വം നൽകുന്നത്. ആൽബെർട്ടയിലെ ബ്രൂഡർഹൈമിൽ നിന്ന് ബ്രിട്ടീഷ് കൊളംബിയയിലെ ഡെൽറ്റ വരെയുള്ള 1,250 കിലോമീറ്റർ നീളമുള്ള ഈ പൈപ്പ് ലൈൻ വഴി പ്രതിദിനം 10 ലക്ഷത്തോളം ബാരൽ ക്രൂഡ് ഓയിൽ അന്താരാഷ്ട്ര വിപണിയിലേക്ക് എത്തിക്കാൻ സാധിക്കും.

അതേസമയം, സർക്കാരിൻ്റെ ഈ നീക്കത്തിനെതിരെ രൂക്ഷവിമർശനവുമായി പരിസ്ഥിതി സംഘടനകളും പ്രതിപക്ഷ പാർട്ടി നേതാക്കളും രംഗത്തെത്തി. രാജ്യത്തിൻ്റെ പലഭാഗങ്ങളിലും കാട്ടുതീയും കടുത്ത ചൂടും ജനങ്ങളെ വലയ്ക്കുമ്പോൾ പരിസ്ഥിതി ആഘാതം ഉണ്ടാക്കുന്ന ഇത്തരം പദ്ധതികൾ വേഗത്തിൽ നടപ്പിലാക്കാൻ ശ്രമിക്കുന്നത് പ്രതിഷേധാർഹമാണെന്ന് എൻവയൺമെൻ്റൽ ഡിഫൻസ് പ്രതികരിച്ചു. വൻകിട എണ്ണക്കമ്പനികളുടെ താല്പര്യം മാത്രമാണ് ഇതിന് പിന്നിലെന്ന് എൻ.ഡി.പി നേതാവ് ആവി ലൂയിസ് വിമർശിച്ചു. എന്നാൽ കാനഡയുടെ സാമ്പത്തിക വളർച്ചയ്ക്കും ഊർജ്ജ സുരക്ഷയ്ക്കും പ്രകൃതിവാതക വിപണിയുടെ വികസനത്തിനും പദ്ധതി അത്യന്താപേക്ഷിതമാണെന്നാണ് ഫെഡറൽ സർക്കാരിന്റെ നിലപാട്.