പ്രതീക്ഷിച്ചതിലും വേഗത്തിലാണ് എൽ നിനോ ശക്തമാകുന്നതെന്ന് കാലാവസ്ഥാ വിദഗ്ധരുടെ മുന്നറിയിപ്പ്. ചരിത്രത്തിലെ ഏറ്റവും ചൂടേറിയ വർഷങ്ങളിലൊന്നായി 2026 മാറിയേക്കുമെന്നാണ് പരിസ്ഥിതി വകുപ്പിൻ്റെ വിലയിരുത്തൽ. സമുദ്രോപരിതലത്തിലെ ചൂട് സാധാരണയേക്കാൾ രണ്ട് ഡിഗ്രി സെൽഷ്യസിൽ കൂടുതൽ ഉയരുമ്പോഴാണ് 'സൂപ്പർ എൽ നിനോ' ഉണ്ടാകുന്നത്. 1950-ന് ശേഷമുള്ള ഏറ്റവും ശക്തമായ എൽ നിനോ പ്രഭാവത്തിനാണ് നിലവിൽ ലോകം സാക്ഷ്യം വഹിക്കുന്നത്. ഇത് 2027-ന്റെ തുടക്കം വരെ തുടരാൻ വലിയ സാധ്യതയുണ്ടെന്ന് യു.എസ് നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്മോസ്ഫെറിക് അഡ്മിനിസ്ട്രേഷൻ വ്യക്തമാക്കുന്നു.
എൽ നിനോയുടെ ആഘാതത്തിൽ കാനഡയിലുടനീളം കാട്ടുതീ രൂക്ഷമായി പടരുകയാണ്. ഒൻ്റാരിയോയിൽ മാത്രം 7,250 ചതുരശ്ര കിലോമീറ്ററിലധികം വനം കത്തിയമർന്നു. ബ്രിട്ടീഷ് കൊളംബിയ ഉൾപ്പെടെയുള്ള പ്രവിശ്യകളിൽ നൂറു ക്കണക്കിന് സ്ഥലങ്ങളിൽ കാട്ടുതീ സജീവമായി തുടരുകയും ആയിരക്കണക്കിന് ആളുകളെ മാറ്റിപ്പാർപ്പിക്കുകയും ചെയ്തിട്ടുണ്ട്.
അതേസമയം, എൽ നിനോയുടെ സാന്നിധ്യം കാരണം അറ്റ്ലാന്റിക് സമുദ്രത്തിൽ രൂപപ്പെടുന്ന ശക്തമായ ചുഴലിക്കാറ്റുകളുടെ എണ്ണത്തിൽ കുറവുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം വ്യക്തമാക്കി. എന്നാൽ പസഫിക് മേഖലയിൽ ചൂട് വർദ്ധിക്കുന്നതിനാൽ അവിടെ ചുഴലിക്കാറ്റുകൾക്ക് സാധ്യത കൂടുതലാണ്.
ഈ വർഷത്തിന്റെ അവസാനത്തോടെ എൽ നിനോ അതിൻ്റെ പരമാവധി ശക്തിയിലഎത്തും. ഇത് കാനഡയിലെ വരാനിരിക്കുന്ന മഞ്ഞുകാലത്തെ ബാധിക്കും. സാധാരണ ലഭിക്കാറുള്ള മഞ്ഞുവീഴ്ചയ്ക്ക് പകരം മഴയ്ക്കാണ് സാധ്യത കൂടുതൽ. മഞ്ഞുവീഴ്ച കുറയുന്നത് വരാനിരിക്കുന്ന വർഷങ്ങളിലും കടുത്ത വരൾച്ചയ്ക്കും വീണ്ടും കാട്ടുതീ പടരുന്നതിനും കാരണമായേക്കും