കാനഡയിൽ ഫോറിൻ ഇൻഫ്ലുവൻസ് രജിസ്ട്രി നിലവിൽ വന്നു; ലംഘിച്ചാൽ 10 ലക്ഷം ഡോളർ വരെ പിഴ

By: 600110 On: Aug 5, 2026, 11:26 AM

 

 

രാജ്യത്തെ രാഷ്ട്രീയ, ഭരണപരമായ കാര്യങ്ങളിൽ വിദേശ രാജ്യങ്ങളുടെയും സംഘടനകളുടെയും സ്വാധീനം സുതാര്യമാക്കുന്നതിനായുള്ള ഫോറിൻ ഇൻഫ്ലുവൻസ് രെജിസ്ട്രി കാനഡയിൽ നിലവിൽ വന്നു. വിദേശ ഇടപെടലുകൾ പരസ്യമായി വെളിപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള ഈ പ്ലാറ്റ്‌ഫോം ചൊവ്വാഴ്ച മുതലാണ് പ്രവർത്തനം ആരംഭിച്ചത്.

വിദേശ ഏജൻസികളുമായോ മറ്റ് വിദേശ സംഘടനകളുമായോ ചേർന്ന് പ്രവർത്തിക്കുന്ന വ്യക്തികളും സ്ഥാപനങ്ങളും തങ്ങളുടെ വിവരങ്ങൾ ഈ രജിസ്ട്രിയിൽ രേഖപ്പെടുത്തേണ്ടതുണ്ട്. ഫെഡറൽ തിരഞ്ഞെടുപ്പുകൾ, നിയമനിർമ്മാണം, സർക്കാർ കരാറുകൾ എന്നിവയെ സ്വാധീനിക്കാൻ ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങൾ ഇതിൻ്റെ പരിധിയിൽ വരും. നിയമം ലംഘിക്കുന്നവർക്ക് 250 ഡോളർ മുതൽ 10 ലക്ഷം കനേഡിയൻ ഡോളർ വരെ പിഴ ഈടാക്കാൻ വ്യവസ്ഥയുണ്ട്.

വിദേശ സ്വാധീന സുതാര്യതാ കമ്മീഷണർ ആന്റൺ ബോഗ്മാൻ്റെ നേതൃത്വത്തിലുള്ള സ്വതന്ത്ര ഓഫീസിനാണ് ഇതിൻ്റെ മേൽനോട്ടച്ചുമതല. വിദേശ ഇടപെടലുകൾ തടയുന്നതിനൊപ്പം കാനഡയിലെ ജനാധിപത്യ സ്ഥാപനങ്ങളിൽ ജനങ്ങളുടെ വിശ്വാസം വർദ്ധിപ്പിക്കാൻ ഈ നീക്കം സഹായിക്കുമെന്ന് ബോഗ്മാൻ പറഞ്ഞു. ഓഗസ്റ്റ് നാല് മുതൽ നിലവിൽ വന്ന പുതിയ കരാറുകളുടെ വിവരങ്ങൾ 14 ദിവസത്തിനകം രജിസ്റ്റർ ചെയ്യണം. അതിനുമുമ്പുള്ള കരാറുകൾ രജിസ്റ്റർ ചെയ്യാൻ ഒക്ടോബർ 3 വരെ സമയമുണ്ട്. എന്നാൽ, ഔദ്യോഗിക ചുമതലകൾ നിർവ്വഹിക്കുന്ന നയതന്ത്രജ്ഞരെയും വിദേശ പ്രതിനിധികളെയും ഈ നിയമത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. 2024-ൽ പാസാക്കിയ ഫോറിൻ ഇൻഫ്ലുവൻസ് ട്രാൻസ്പരൻസി ആൻഡ് അക്കൗണ്ടബിലിറ്റി ആക്ട്  പ്രകാരമാണ് ഈ കേന്ദ്രീകൃത രജിസ്ട്രിക്ക് രൂപം നൽകിയത്.