കുട്ടിയെ തലയിണയിൽ ഇരുത്തി കാറോടിച്ചതിന് ഡ്രൈവർക്കെതിരെ കേസ്

By: 600110 On: Aug 5, 2026, 11:00 AM

 

ഒൻ്റാരിയോയിലെ സൗത്ത് ഡണ്ടസിന് സമീപം ഹൈവേ 401-ൽ അമിതവേഗതയിൽ സഞ്ചരിച്ച വാഹനം ഒൻ്റാരിയോ പ്രൊവിൻഷ്യൽ പൊലീസ് തടഞ്ഞുനിർത്തിയപ്പോൾ കണ്ടെത്തിയത് ഗുരുതരമായ സുരക്ഷാ വീഴ്ച. മണിക്കൂറിൽ 100 കിലോമീറ്റർ വേഗപരിധിയുള്ള മേഖലയിൽ 153 കിലോമീറ്റർ വേഗതയിലാണ് കാർ സഞ്ചരിച്ചിരുന്നത്. വാഹനം പരിശോധിച്ച ഉദ്യോഗസ്ഥർ, പിൻസീറ്റിലുണ്ടായിരുന്ന ചെറിയ കുട്ടിയെ അംഗീകൃത ചൈൽഡ് ബൂസ്റ്റർ സീറ്റിന് പകരം ഇരുത്തിയത് ഒരു തലയിണയിലാണെന്ന് കണ്ടെത്തി. 

നിയമപ്രകാരമുള്ള ചൈൽഡ് റെസ്ട്രയിൻ്റ് സിസ്റ്റം ഒഴിവാക്കി കുട്ടികളുടെ ജീവന് ഭീഷണിയാകും വിധം യാത്ര തുടർന്ന സംഭവത്തിൽ ഡ്രൈവർക്കെതിരെ സ്റ്റണ്ട് ഡ്രൈവിംഗിന് പൊലീസ് കേസെടുത്തു. നിയമനടപടിയുടെ ഭാഗമായി വാഹനം 14 ദിവസത്തേക്ക് പിടിച്ചെടുക്കുകയും ഡ്രൈവറുടെ  ലൈസൻസ് 30 ദിവസത്തേക്ക് സസ്പെൻഡ് ചെയ്യുകയും ചെയ്തു. 
അമിതവേഗതയും അശാസ്ത്രീയമായ സുരക്ഷാ സംവിധാനങ്ങളും വാഹനാപകടങ്ങളിൽ ഗുരുതരമായ പരിക്കുകൾക്കും ജീവഹാനിക്കും കാരണമാകുമെന്ന് ഒന്റാറിയോ പ്രൊവിൻഷ്യൽ പൊലീസ് മുന്നറിയിപ്പ് നൽകി. ഓരോ യാത്രക്കാരൻ്റെയും സുരക്ഷിതമായ യാത്ര ഉറപ്പാക്കേണ്ടത് ഡ്രൈവറുടെ നിയമപരമായ ബാധ്യതയാണെന്നും, ഇത്തരത്തിലുള്ള സുരക്ഷാ വീഴ്ചകൾക്കെതിരെ കർശന നടപടികൾ തുടർന്നും സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.