പുഴയും പ്രകൃതിയും മനുഷ്യനും: വിവേകമില്ലാത്ത നയങ്ങളും ആവര്‍ത്തിക്കുന്ന ദുരന്തങ്ങളും

By: 600002 On: Aug 5, 2026, 10:14 AM



 

റവ. ജെയിംസ് കെ. ജോണ്‍(ലബ്ബക്ക്, ടെക്‌സാസ്)

ഓരോ പുഴയും കാടും ഒരു നാടിന്റെ ജീവനാഡിയാണ്. നമ്മുടെ പ്രകൃതിയില്‍ ജീവനും ജീവിതവും പകര്‍ന്നുനല്‍കി ഒഴുകുന്ന നദികള്‍ വെറും ജലാശയങ്ങള്‍ മാത്രമല്ല; അവ മനുഷ്യന്റെയും പ്രകൃതിയുടെയും നിലനില്‍പ്പിന്റെ കാവലാളുകള്‍ കൂടിയാണ്.

എന്റെ വീട് നില്‍ക്കുന്നത് ഒരു പുഴയുടെ തീരത്താണ്. പണ്ടൊക്കെ വേനല്‍ അടുത്തുതുടങ്ങുമ്പോള്‍ ആ പുഴയോരം ജീവസ്സുറ്റ ഒരു ഗ്രാമീണ ജീവിതത്തിന്റെ കേന്ദ്രമായിരുന്നു. മണല്‍ വാരുന്നവര്‍, പുഴയില്‍ നിന്ന് പൊന്നരിക്കുന്നവര്‍, മീന്‍പിടിത്തക്കാര്‍, ആടുമാടുകളെ തീറ്റാന്‍ കൊണ്ടുപോകുന്നവര്‍, കുളിക്കുവാനും സൈഗത തട്ടുകളില്‍ അല്‍പനേരം കാറ്റുകൊള്ളാനും വരുന്നവര്‍, ജീവിതത്തിന്റെ വേദനകളും പ്രയാസങ്ങളും പങ്കുവെക്കുന്നവര്‍... അങ്ങനെ പുഴയുടെ തീരങ്ങള്‍ പകര്‍ന്നു നല്‍കിയ ശാന്തസുന്ദരമായ മനോഹാരിതയും വെള്ളത്തിന്റെ ഓളങ്ങളും മനുഷ്യമനസ്സുകള്‍ക്ക് നല്‍കിയ വര്‍ണ്ണാഭമായ ഭാവനകളും ഒത്തുചേരുന്ന ഒരു വലിയ സ്വര്‍ഗ്ഗീയ തീരമായിരുന്നു അത്. ആ പുഴയുടെ അവര്‍ണ്ണനീയമായ സാധ്യതകളെ നുകര്‍ന്നുകൊണ്ട് ജീവിതം മെച്ചപ്പെടുത്തിയ ഒരു വലിയ പറ്റം ജനങ്ങളെ അന്ന് കാണാന്‍ സാധിച്ചിരുന്നു.

എന്നാല്‍ ഇന്ന് ഈ അന്തരീക്ഷത്തിന് സാരമായ മാറ്റങ്ങള്‍ സംഭവിച്ചിരിക്കുന്നു. പുഴയോരങ്ങള്‍ മലിനമായിരിക്കുന്നു; ഓരോരുത്തരായി വകഞ്ഞു മാറ്റി സ്വന്തമാക്കി തീര്‍ത്തിരിക്കുന്നു. പുഴ തന്നെ അതിന്റെ ഭാവവും രൂപവും മാറ്റിയിരിക്കുന്നു. മുങ്ങി കുളിച്ചിരുന്ന വെള്ളക്കുഴികളെല്ലാം ഇന്ന് മണല്‍ കൊണ്ട് മൂടിയിരിക്കുന്നു. പണ്ട് മൂന്നും നാലും ആള്‍ താഴ്ചയുണ്ടായിരുന്ന കയങ്ങളും കിടങ്ങുകളും ഇന്ന് നടന്നു കയറാവുന്ന രീതിയില്‍ മണ്ണടിഞ്ഞു നികന്നിരിക്കുന്നു. പുഴയും കരയും ഒന്നായി മാറിയിരിക്കുന്നു. എന്നാല്‍, കണ്‍മുന്നില്‍ പുഴ ചത്തുകൊണ്ടിരിക്കുമ്പോഴും അവിടെനിന്ന് ഒരു മീന്‍ പിടിക്കാനോ അടിഞ്ഞുകൂടിയ മണല്‍ നീക്കാനോ അനുവാദമില്ലാത്ത രീതിയില്‍ നമ്മുടെ നിയമങ്ങളും നീതികളും നിഷ്‌കരുണം മാറിമറിഞ്ഞിരിക്കുന്നു.

വിശുദ്ധ വേദപുസ്തകത്തില്‍ തികച്ചും പ്രസക്തമായ ഒരു വാക്യമുണ്ട്: 'മാനത്തോടിരിക്കുന്ന മനുഷ്യന്‍ വിവേകഹീനനായാല്‍ നശിച്ചുപോകുന്ന മൃഗങ്ങള്‍ക്കു തുല്യനത്രേ' (സങ്കീര്‍ത്തനങ്ങള്‍ 49:20). ഇന്ന് നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നത് ഈ പ്രവാചകശബ്ദത്തിന്റെ ദാരുണമായ പ്രതിഫലനമാണ്. ഭൂമിക്കും നാടിനും ഉറപ്പേകി തലയുയര്‍ത്തി നിന്ന വലിയ മലകളും പാറകളും മണലിനു വേണ്ടി നമ്മള്‍ ഇടിച്ച് പൊടിക്കുന്നു (M-Sand). അതേസമയം, പുഴകളില്‍ പ്രകൃതിദത്തമായി അടിഞ്ഞുകൂടുന്ന മണലിനെ നീക്കം ചെയ്യാതെ, അത് കാലാകാലങ്ങളായി ഉറച്ച് ഉറപ്പുള്ള തിണ്ടുകളായിട്ടും പുതിയ ദ്വീപുകളായിട്ടും മാറാന്‍ അനുവദിക്കുകയും ചെയ്യുന്നു!

ഉറപ്പുള്ള പാറ പൊട്ടിച്ച് മണലാക്കുക, അതേസമയം പുഴയിലെ സ്വാഭാവിക മണലിനെ ഉറപ്പിച്ച് കരയാക്കി മാറ്റുക! ഇതിലും വലിയ ഒരു ബുദ്ധിശൂന്യത ഏതൊരു പരിഷ്‌കൃത സമൂഹത്തിനാണ് കാണിക്കാനാവുക? അല്‍പം പോലും പ്രായോഗിക ബുദ്ധിയില്ലാത്ത പ്രകൃതിനിയമങ്ങളും ചട്ടങ്ങളും ഉണ്ടാക്കിവിടുന്ന ഉദ്യോഗസ്ഥവൃന്ദവും അത് കണ്ണടച്ച് നടപ്പിലാക്കുന്ന ഭരണവര്‍ഗ്ഗവും ഇതിന് മറുപടി പറയേണ്ടതുണ്ട്.

ഒരു ലളിതമായ ഉദാഹരണം നോക്കാം. നമ്മുടെ വീടുകളിലെ കിണറുകള്‍ നാം എത്ര ശ്രദ്ധയോടെയാണ് പരിപാലിക്കുന്നത്! ഒഴുക്കിനോ വെള്ളത്തിനോ കുഴപ്പമില്ലെങ്കില്‍ പോലും, വര്‍ഷത്തിലൊരിക്കല്‍ അടിത്തട്ടില്‍ അടിയുന്ന ചെളിയും മണ്ണും നീക്കം ചെയ്യാന്‍ നാം 'കിണറ്റുവെള്ളം തേകി' വൃത്തിയാക്കാറുണ്ട്. കാരണം, അതിന്റെ ആഴവും സംഭരണശേഷിയും നിലനിര്‍ത്തിയാല്‍ മാത്രമേ വേനലിലും കുടിവെള്ളം ലഭ്യമാകൂ എന്ന് സാധാരണക്കാരന് അറിയാം. സ്വന്തം കിണറിന്റെ കാര്യത്തില്‍ ഈ വിവേകം കാണിക്കുന്ന മനുഷ്യര്‍, എന്തുകൊണ്ടാണ് നാടിന്റെ കുടിവെള്ള ഉറവിടമായ പുഴയുടെ ആഴം നിലനിര്‍ത്താന്‍ ശ്രമിക്കാത്തത്? പ്രകൃതിയെ സ്‌നേഹിക്കുക എന്നാല്‍ അതിനെ മാറ്റമില്ലാതെ നിര്‍ത്തി ശ്വാസം മുട്ടിക്കലല്ല, മറിച്ച് അതിന്റെ സ്വാഭാവിക ഒഴുക്ക് നിലനിര്‍ത്തുകയാണ്.

പുഴയോരങ്ങളിലെ ദുരിതം മാത്രമല്ല ഇന്ന് നമ്മുടെ നാടിനെ ഉലയ്ക്കുന്നത്. അശാസ്ത്രീയമായ പ്രകൃതിനിയമങ്ങള്‍ കാരണം ജനങ്ങളുടെ സൈ്വര്യജീവിതവും പ്രാണന്‍ തന്നെയും ഭീഷണിയിലായിരിക്കുകയാണ്. കാട്ടാനയും പുലിയും കരടിയും കാട്ടുപോത്തും പന്നിയും നാട്ടിലിറങ്ങി മനുഷ്യജീവനെടുക്കുമ്പോഴും കൃഷിയിടങ്ങള്‍ തകര്‍ക്കുമ്പോഴും നിയമങ്ങള്‍ കാഴ്ചക്കാരായി നില്‍ക്കുന്നു. വീടിന്റെ അടുക്കളയില്‍ ഇരിക്കുന്ന ഭക്ഷണം കുരങ്ങന്‍ വാരിക്കൊണ്ടുപോയാലും, വളര്‍ത്തുകോഴികളെ കീരിയും പരുന്തും പിടിച്ചുകൊണ്ടു പോയാലും ഒന്നും ചെയ്യാന്‍ കഴിയാത്ത ദയനീയ അവസ്ഥ! മറുവശത്ത്, വിദ്യാലയങ്ങളിലേക്ക് പോകുന്ന പിഞ്ചുകുഞ്ഞുങ്ങളെ വഴിയില്‍ പേപ്പട്ടികളും തെരുവ് നായ്ക്കളും കാത്തിരിക്കുന്നു; വിദ്യാലയങ്ങളില്‍ എത്തിയാലോ മൂലകളില്‍ പതിയിരിക്കുന്ന പാമ്പുകളും ഏതുനിമിഷവും തകര്‍ന്നുവീഴാറായ മേല്‍ക്കൂരകളും!

ഇവിടെയാണ് വിദേശരാജ്യങ്ങളിലെ പ്രായോഗിക നിയമങ്ങളെക്കുറിച്ച് നാം ചിന്തിക്കേണ്ടത്. ഉദാഹരണത്തിന്, അമേരിക്ക പോലുള്ള രാജ്യങ്ങളില്‍ പ്രകൃതിയെയും വന്യമൃഗങ്ങളെയും സംരക്ഷിക്കാന്‍ ശക്തമായ സംവിധാനങ്ങളുണ്ട് (Department of Fish and Wildlife); എന്നാല്‍ ആ നിയമങ്ങളെല്ലാം മനുഷ്യന്റെ പ്രയോജനത്തിനും ജീവന്റെ സുരക്ഷയ്ക്കുമായി ഉപയോഗിക്കപ്പെടുന്നു. സ്വന്തം ഭവനത്തിലോ പറമ്പിലോ വന്യമൃഗങ്ങള്‍ കയറി ജീവന് ഭീഷണിയായാല്‍ അവയെ പ്രതിരോധിക്കാനും നശിപ്പിക്കാനുമുള്ള സ്വാതന്ത്ര്യം ആ ഭവനക്കാരനുണ്ട്. 

മൃഗങ്ങളുടെ എണ്ണം പെരുകുമ്പോള്‍ ശാസ്ത്രീയമായി തിട്ടപ്പെടുത്തി നിയന്ത്രിതമായി വേട്ടയാടാന്‍ (Hunting Seasons) അനുവദിക്കാറുമുണ്ട്. എന്നാല്‍ നമ്മുടെ നാട്ടില്‍ സ്വന്തം വീട്ടുമുറ്റത്തു നിന്നോ കൃഷിയിടത്തില്‍ നിന്നോ വന്യമൃഗങ്ങള്‍ മനുഷ്യനെ പിടിച്ചുകൊണ്ടുപോയാല്‍ പോലും ഒന്നും ചെയ്യാന്‍ കഴിയാത്ത കാടന്‍ നിയമങ്ങളാണ് നിലനില്‍ക്കുന്നത്. മനുഷ്യജീവന് വിലകല്‍പ്പിക്കാത്ത ഇത്തരം ചട്ടങ്ങള്‍ തിരുത്തപ്പെടേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

ഈ വിഷയം വിശകലനം ചെയ്യുമ്പോള്‍ കേന്ദ്ര-സംസ്ഥാന തലങ്ങളില്‍ ഇതിനായി പ്രവര്‍ത്തിക്കുന്ന ഔദ്യോഗിക സംവിധാനങ്ങള്‍ ഏതൊക്കെയാണെന്നും അവയുടെ ഉത്തരവാദിത്തങ്ങള്‍ എന്താണെന്നും നാം അറിഞ്ഞിരിക്കേണ്ടതുണ്ട്: ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (GSI): ഭൗമശാസ്ത്രപരമായ പരിശോധനകള്‍, ഭൂപട നിര്‍മ്മാണം, മണ്ണ്-പാറ-മണല്‍ എന്നിവയുടെ നിരീക്ഷണം എന്നിവയ്ക്കായുള്ള കേന്ദ്ര ഏജന്‍സി. മൈനിംഗ് ആന്‍ഡ് ജിയോളജി വകുപ്പ് (Kerala): ക്വാറികളുടെ അനുമതി, മണല്‍ വാരല്‍ നിയന്ത്രണങ്ങള്‍ (River Sand Mining Act) എന്നിവ കൈകാര്യം ചെയ്യുന്ന സംസ്ഥാന വകുപ്പ്. സെന്‍ട്രല്‍ വാട്ടര്‍ കമ്മീഷന്‍ (CWC): പുഴകളിലെ വെള്ളത്തിന്റെ അളവും മണല്‍ അടിഞ്ഞുകൂടലും നിരീക്ഷിക്കാനുള്ള കേന്ദ്ര ഏജന്‍സി. വന-വന്യജീവി വകുപ്പുകള്‍: കാടുകളുടെയും വന്യജീവികളുടെയും സംരക്ഷണം ഉറപ്പാക്കുന്ന വിഭാഗങ്ങള്‍. 

കോടിക്കണക്കിന് നികുതിപ്പണം ശമ്പളമായി വാങ്ങുന്ന ആയിരക്കണക്കിന് ഉദ്യോഗസ്ഥരുള്ള ഈ വകുപ്പുകള്‍, ഓരോ വര്‍ഷവും പുഴയില്‍ അടിയുന്ന മണലിന്റെ അളവു തിട്ടപ്പെടുത്താനോ അല്ലെങ്കില്‍ ജനങ്ങളുടെ ജീവന് ഭീഷണിയാകുന്ന വന്യമൃഗങ്ങളെ കൃത്യമായി നിയന്ത്രിക്കാനോ മുന്നോട്ടുവരില്ല എന്നത് ഖേദകരമാണ്.

നമ്മുടെ നാട്ടില്‍ പ്രളയം വരുമ്പോള്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറക്കാനും, വെള്ളമിറങ്ങുമ്പോള്‍ ചളിയും ചേറും വാരാനും എത്തുന്ന സന്നദ്ധ പ്രവര്‍ത്തകരും യുവജന പ്രസ്ഥാനങ്ങളും നാടിന്റെ നന്മ തന്നെയാണ്. എന്നാല്‍ ഇവരെല്ലാവരും ചേര്‍ന്ന് ദുരന്തങ്ങള്‍ ഉണ്ടാകുന്നതിന് മുന്‍പ് ചെയ്യേണ്ട പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കാണ് മുന്നിട്ടിറങ്ങേണ്ടത്. 'ദുരന്തം വന്നതിനു ശേഷമുള്ള കണ്ണീരിനേക്കാള്‍ പ്രധാനം, ദുരന്തം വരാതിരിക്കാന്‍ മുന്നേ കൂട്ടുന്ന മുന്‍കരുതലുകളാണ്.' പുഴകളില്‍ അടിഞ്ഞുകൂടിയ മണല്‍ത്തിട്ടകളും എക്കലും ശാസ്ത്രീയമായി നീക്കം ചെയ്ത് പുഴയുടെ ആഴം കൂട്ടിയാല്‍ ഒരുപരിധി വരെ വെള്ളപ്പൊക്ക ദുരന്തങ്ങള്‍ ഒഴിവാക്കാം.

നാടിനെയും നാട്ടുകാരെയും നന്നാക്കുന്ന ജോലി കോടതികള്‍ക്കും ഭരണവര്‍ഗ്ഗത്തിനും ഉദ്യോഗസ്ഥര്‍ക്കും മാത്രം വിട്ടുനല്‍കി സാമാന്യജനം ഉത്തരവാദിത്തമില്ലാത്തവരെപ്പോലെ മാറിനില്‍ക്കരുത്. നീതിയുടെ ഇടങ്ങളില്‍ നിന്ന് നീതി നിഷേധിക്കപ്പെടുകയും അധികാരികള്‍ കണ്‍കെട്ടു മായാജാലക്കാരായി അരങ്ങുവാഴുകയും ചെയ്യുമ്പോള്‍, ഓരോ പൗരനും പ്രതികരണശേഷിയുള്ള 'വെളിച്ചപ്പാടുകള്‍' ആയി മാറുക തന്നെ വേണം.

നമുക്കാവശ്യം ക്രൂരമായ കരിനിയമങ്ങളല്ല, മറിച്ച് പ്രകൃതിയോടും മനുഷ്യനോടും ഒരുപോലെ കരുണ കാണിക്കുന്ന പ്രായോഗിക നിയമങ്ങളാണ്. ഇനി വരുന്ന ഒരു പ്രളയത്തിലും എന്റെ ഭവനവും നാടും ഒലിച്ചുപോകില്ലെന്നും, എന്റെ കുഞ്ഞുങ്ങള്‍ തെരുവിലും വിദ്യാലയങ്ങളിലും ഭയമില്ലാതെ സുരക്ഷിതരായിരിക്കുമെന്നും ഉറപ്പുവരുത്താന്‍ ഭരണാധികാരികളുടെ കണ്ണ് തുറപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഭരണകര്‍ത്താക്കളും ഉദ്യോഗസ്ഥരും ഒരു കാര്യം ഓര്‍ക്കുന്നത് നല്ലതാണ്; 'ഞങ്ങള്‍ക്ക് ഇനി ഒന്നും സംഭവിക്കാനില്ല' എന്ന അഹങ്കാരത്തില്‍ ജീവിക്കുന്നവര്‍ നാളെ സ്വന്തം വീടുകള്‍ പ്രളയത്തില്‍ ഒലിച്ചുപോകുമ്പോഴേ പഠിക്കൂ എന്ന് വന്നാല്‍ അത് വലിയ വില നല്‍കേണ്ടിവരുന്ന പാഠമായിരിക്കും.

കരിനിയമങ്ങളല്ല, നാടിനോടും ജനങ്ങളോടും പ്രകൃതിയോടും കരുണയുള്ള കരങ്ങളാണ് നമുക്കാവശ്യം. ഉറങ്ങാതെ ഉണര്‍ന്നു പ്രവര്‍ത്തിക്കുന്ന നല്ല ഉദ്യോഗസ്ഥരും, ജനക്ഷേമം മുന്‍നിര്‍ത്തി ദീര്‍ഘവീക്ഷണത്തോടെ കാര്യങ്ങള്‍ ചെയ്യുന്ന ഭരണനേതൃത്വവും നമ്മുടെ നാടിന്റെ അനിവാര്യതയാണ്. ഇനിവരുന്ന പ്രളയങ്ങളില്‍ എന്റെ ഭവനവും എന്റെ നാടും സുരക്ഷിതമായിരിക്കും എന്ന് ഉറപ്പു വരുത്താന്‍, ഭരണാധികാരികളുടെ കണ്ണ് തുറപ്പിക്കാന്‍ ഓരോ പൗരനും ഉറച്ച ശബ്ദത്തോടെ മുന്നേറേണ്ട സമയമായിരിക്കുന്നു.

പ്രകൃതിക്കായി, പുഴകള്‍ക്കായി, നാളെക്കായി നമുക്ക് ഒന്നിച്ച് നില്‍ക്കാം!