ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പുരുഷ പ്രൊഫസര്‍ ഇനി അമേരിക്കന്‍ മലയാളി നേഥന്‍ തോമസ്

By: 600002 On: Aug 5, 2026, 10:00 AM



 

പ്രസാദ് തീയാടിക്കല്‍

ഫ്‌ലോറിഡ: അമേരിക്കയിലെ ഫ്‌ലോറിഡ സ്വദേശിയും കേരള വംശജനുമായ നേഥന്‍ തോമസ് ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പുരുഷ പ്രൊഫസറെന്ന ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് സ്വന്തമാക്കി. 18 വയസും 346 ദിവസവും പ്രായമുള്ളപ്പോഴാണ് അദ്ദേഹം മയാമി ഡേഡ് കോളേജില്‍ എഞ്ചിനിയറിങ് പ്രോഗ്രാമിംഗ് അധ്യാപകനായി ചുമതലയേറ്റത്. ഇതോടെയാണ് 306 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ് അദ്ദേഹം മറികടന്നത്.

1717-ല്‍ വെറും 19-ാം വയസ്സില്‍ പ്രൊഫസറായ സ്‌കോട്ടിഷ് ഗണിതശാസ്ത്രജ്ഞന്‍ കോളിന്‍ മക്ലോറിന്റെ റെക്കോര്‍ഡാണ് നേഥന്‍ തോമസ് തകര്‍ത്തത്. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിന്റെ സ്ഥിരീകരണപ്രകാരം, ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പുരുഷ പ്രൊഫസറെന്ന ബഹുമതിയാണ് അദ്ദേഹത്തിന് ലഭിച്ചത്.

മിക്ക വിദ്യാര്‍ത്ഥികളും കോളേജ് ജീവിതം ആരംഭിക്കുന്ന പ്രായത്തില്‍ തന്നെ നേഥന്‍ തോമസ് ഫ്‌ലോറിഡ ഇന്റര്‍നാഷണല്‍ സര്‍വകലാശാലയില്‍ നിന്ന് ഇലക്ട്രിക്കല്‍ എഞ്ചിനിയറിംഗില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടിയിരുന്നു. അതിന് മുമ്പ് വെറും 14-ാം വയസ്സില്‍ മയാമി ഡേഡ് കോളേജില്‍ നിന്ന് അസോസിയേറ്റ് ബിരുദവും കരസ്ഥമാക്കിയിരുന്നു.

നിലവില്‍ മയാമി ഡേഡ് കോളേജില്‍ ഓണ്‍ലൈന്‍ എഞ്ചിനിയറിങ് കോഴ്‌സുകള്‍ പഠിപ്പിക്കുന്നതിനൊപ്പം, യൂണിവേഴ്‌സിറ്റി ഓഫ് മയാമി ലോ സ്‌കൂളില്‍ നിയമപഠനവും തുടരുകയാണ്. അദ്ദേഹത്തിന്റെ ഈ നേട്ടം ലോകമെമ്പാടുമുള്ള യുവാക്കള്‍ക്ക് പ്രചോദനമാണെന്ന് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സ് വ്യക്തമാക്കി.