ഫുക്കറ്റില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനത്തിന് ശക്തമായ ടര്‍ബുലന്‍സ്; 17 പേര്‍ക്ക് പരിക്ക്

By: 600002 On: Aug 5, 2026, 8:16 AM



 

പ്രസാദ് തീയാടിക്കല്‍

ന്യൂഡല്‍ഹി: തായ്ലന്‍ഡിലെ ഫുക്കറ്റില്‍ നിന്ന് ഡല്‍ഹിയിലേക്ക് സര്‍വീസ് നടത്തിയ എയര്‍ ഇന്ത്യയുടെ അക2379 വിമാനത്തിന് യാത്രാമധ്യേ ശക്തമായ വായുകുലുക്കം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് 17 പേര്‍ക്ക് പരിക്കേറ്റു. വിമാനത്തില്‍ ഉണ്ടായ പെട്ടെന്നുള്ള ശക്തമായ കുലുക്കവും ഏകദേശം 300 അടി ഉയരത്തിലെ പെട്ടെന്നുള്ള ഇടിവുമാണ് യാത്രക്കാരെയും ജീവനക്കാരെയും പരിക്കേല്‍പ്പിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

വിമാനത്തില്‍ 134 യാത്രക്കാരുണ്ടായിരുന്നു. കുലുക്കത്തെ തുടര്‍ന്ന് ചിലര്‍ സീറ്റില്‍ നിന്ന് തെറിച്ചുവീഴുകയും തല ഉള്‍പ്പെടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പരിക്കേല്‍ക്കുകയും ചെയ്തു. ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനം സുരക്ഷിതമായി ഇറക്കിയ ശേഷം പരിക്കേറ്റവര്‍ക്ക് അടിയന്തര ചികിത്സ നല്‍കി.

സംഭവത്തെ തുടര്‍ന്ന് ഇന്ത്യയുടെ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (DGCA) അന്വേഷണം ആരംഭിച്ചു. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കുന്നുവെന്ന് എയര്‍ ഇന്ത്യ അറിയിച്ചു.