യുകെയില്‍ ജോലിക്കിടെ കുഴഞ്ഞുവീണ് പത്തനംതിട്ട സ്വദേശി ലെസ്ലി കെ. ജോണ്‍ അന്തരിച്ചു

By: 600002 On: Aug 5, 2026, 8:06 AM



 

പ്രസാദ് തീയാടിക്കല്‍

പത്തനംതിട്ട/യുകെ: യുകെയില്‍ ജോലി ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ് പത്തനംതിട്ട സ്വദേശിയായ ലെസ്ലി കെ. ജോണ്‍ (39) അന്തരിച്ചു. ചന്ദനപ്പള്ളി കുറ്റിവടക്കേതില്‍ പുത്തന്‍കാവില്‍ കെ. കോശിയുടെയും ഹില്‍ഡാ കോശിയുടെയും മകനാണ്.

കഴിഞ്ഞ ദിവസം വൈകുന്നേരം ജോലി ചെയ്യുന്നതിനിടെയാണ് ലെസ്ലി പെട്ടെന്ന് കുഴഞ്ഞുവീണത്. സഹപ്രവര്‍ത്തകര്‍ ഉടന്‍ തന്നെ ആംബുലന്‍സിനെ വിവരമറിയിക്കുകയും പ്രാഥമിക ശുശ്രൂഷ നല്‍കുകയും ചെയ്‌തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

അഞ്ച് വര്‍ഷം മുമ്പാണ് ഭാര്യ സുനിഷയ്ക്കും കുടുംബത്തിനുമൊപ്പം പുതിയൊരു ജീവിതം സ്വപ്നംകണ്ട് ലെസ്ലി യുകെയിലേക്ക് കുടിയേറിയത്. അവിടെ കെല്ലി കമ്മ്യൂണിക്കേഷന്‍സ് സ്ഥാപനത്തിന്റെ പ്രൊക്യുര്‍മെന്റ് വിഭാഗത്തില്‍ ജോലി ചെയ്തുവരികയായിരുന്നു. സൗമ്യമായ പെരുമാറ്റവും ആത്മാര്‍ത്ഥമായ സേവനവും കൊണ്ട് സഹപ്രവര്‍ത്തകരുടെയും സുഹൃത്തുക്കളുടെയും സ്‌നേഹവും ആദരവും നേടിയ വ്യക്തിയായിരുന്നു അദ്ദേഹം.

നിലവില്‍ ലെസ്ലിയുടെ മൃതദേഹം ഹാരോയിലെ നോര്‍ത്ത്വിക് പാര്‍ക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നിയമപരവും നയതന്ത്രപരവുമായ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കാര ശുശ്രൂഷകള്‍ നടത്തുമെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു.