മുല്ലപ്പെരിയാറില്‍ നിലവിലെ ജലനിരപ്പ് നിലനിര്‍ത്താന്‍ സുപ്രിംകോടതി നിര്‍ദേശം

By: 600007 On: Oct 27, 2021, 6:49 PM

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ നിലവിലെ ജലനിരപ്പ് നിലനിര്‍ത്താന്‍ സുപ്രിംകോടതിയുടെ നിര്‍ദേശം. നിലവില്‍ ജലനിരപ്പ് 137.60 അടിയാണ്. 
ഒരു ജീവന്‍ പോലും നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടാകരുതെന്നും കോടതി ചൂണ്ടിക്കാട്ടി.

അണക്കെട്ട് ബലപ്പെടുത്തുക എന്ന നിലപാട് അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് കേരളം ആവര്‍ത്തിച്ചു. കനത്ത മഴയില്‍ 142 അടി ജലനിരപ്പ് അപകടകരമാണ്. ജലനിരപ്പ് 139 അടിയാക്കിയാല്‍ അപകട സാധ്യത കുറയും. മേല്‍നോട്ട സമിതി കൃത്യമായി കാര്യങ്ങള്‍ വിലയിരുത്തിയല്ല തീരുമാനങ്ങള്‍ അറിയിക്കുന്നതെന്ന് കേരളം ആക്ഷേപമുന്നയിച്ചു. പല കാര്യങ്ങളിലും ശാസ്ത്രീയ അടിത്തറയില്ല. ജലനിരപ്പ് 138 അടിയായാല്‍ സ്പില്‍വേ തുറക്കാമെന്നാണ് തമിഴ്‌നാടിന്റെ നിലപാട്.

മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട് രണ്ട് പൊതുതാല്‍പര്യഹര്‍ജികളാണ് കോടതി ഇന്ന് പരിഗണിച്ചത്. അണക്കെട്ടിന്റെ ബലപ്പെടുത്തല്‍ നടപടികളില്‍ തമിഴ്‌നാട് വീഴ്ച വരുത്തിയെന്നും, കരാര്‍ ലംഘനമുണ്ടായതായി കണക്കാക്കി പാട്ടക്കരാര്‍ റദ്ദാക്കണമെന്നുമാണ് സുരക്ഷ പബ്ലിക് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഹര്‍ജി. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷ വിലയിരുത്താന്‍ രൂപീകരിച്ച മേല്‍നോട്ട സമിതി ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒളിച്ചോടുന്നുവെന്ന് ആരോപിച്ചായിരുന്നു മറ്റൊരു ഹര്‍ജി. വിഷയം വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് വീണ്ടും പരിഗണിക്കും.

Content Highlights: mullaperiyaar issue in supreme court