ഇടക്കാല തിരഞ്ഞെടുപ്പ് വിജയം ഉറപ്പിക്കാന്‍ 'വോട്ടര്‍മാരെ റെക്കോര്‍ഡ് തോതില്‍ അണിനിരത്തണമെന്ന് കമലാ ഹാരിസ്

By: 600002 On: Aug 4, 2026, 10:08 AM



 

പി പി ചെറിയാന്‍

നാഷ്വില്‍ (ടെന്നസി): 2026-ലെ ഇടക്കാല തിരഞ്ഞെടുപ്പില്‍ വോട്ടര്‍മാരെ റെക്കോര്‍ഡ് തോതില്‍ അണിനിരത്തണമെന്ന് മുന്‍ യു.എസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസ്. വോട്ടവകാശത്തെ അട്ടിമറിക്കാനുള്ള ശ്രമങ്ങളെ പ്രതിരോധിക്കാന്‍ വന്‍തോതിലുള്ള ജനപങ്കാളിത്തം അനിവാര്യമാണെന്ന് അവര്‍ വ്യക്തമാക്കി. നാഷ്വില്ലില്‍ നടന്ന നാഷണല്‍ അര്‍ബന്‍ ലീഗിന്റെ വാര്‍ഷിക സമ്മേളനത്തിലാണ് ഹാരിസിന്റെ ആഹ്വാനം.

വോട്ടര്‍ പട്ടികയില്‍ പേരുകള്‍ കൃത്യമാണോയെന്ന് പരിശോധിക്കാനും പോളിംഗ് സ്റ്റേഷനുകള്‍ ഉറപ്പുവരുത്താനും ഹാരിസ് ആഹ്വാനം ചെയ്തു. വോട്ടര്‍മാരെ ബുദ്ധിമുട്ടിക്കാന്‍ ചില അധികാരികള്‍ ശ്രമിക്കുന്നുണ്ടെന്നും അവര്‍ കുറ്റപ്പെടുത്തി.

2026-ലെ ഇടക്കാല തിരഞ്ഞെടുപ്പിലാണ് തന്റെ ഇപ്പോഴത്തെ ശ്രദ്ധയെന്നും, 2028-ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നും ഹാരിസ് വ്യക്തമാക്കി.

യു.എസ് സുപ്രീം കോടതി വികസിപ്പിക്കുക, ഇലക്ടറല്‍ കോളേജില്‍ പുനഃപരിശോധന നടത്തുക, പ്യൂര്‍ട്ടോ റിക്കോയ്ക്കും വാഷിംഗ്ടണ്‍ ഡി.സി.ക്കും സംസ്ഥാന പദവി നല്‍കുക തുടങ്ങിയ പുരോഗമനപരമായ നിര്‍ദ്ദേശങ്ങളെയും അവര്‍ പിന്തുണച്ചു.