ബ്രിട്ടീഷ് കൊളംബിയയിലെ പ്രമുഖ നിക്ഷേപ ഉപദേഷ്ടാവായ പീറ്റർ സിഷെക്കിൻ്റെ ഉടമസ്ഥതയിലുള്ള 'എവരിതിംഗ് ഫിനാൻഷ്യൽ ഗ്രൂപ്പ്', 'എവരിതിംഗ് ഫിനാൻഷ്യൽ കൺസൾട്ടൻ്റ്സ്' എന്നീ സ്ഥാപനങ്ങൾക്കെതിരെ സാമ്പത്തിക തട്ടിപ്പ് ആരോപണങ്ങളിൽ അന്വേഷണം ശക്തമാക്കി ബി.സി. സെക്യൂരിറ്റീസ് കമ്മീഷൻ . പ്രവിശ്യയിലെ സെക്യൂരിറ്റീസ് നിയമം ലംഘിച്ച് തട്ടിപ്പ് നടത്തിയെന്ന തെളിവുകളുടെ അടിസ്ഥാനത്തിൽ, ഈ സ്ഥാപനങ്ങൾ സെക്യൂരിറ്റികൾ വാങ്ങുന്നതും വിൽക്കുന്നതും പരസ്യ പ്രചാരണങ്ങൾ നടത്തുന്നതും വിലക്കിക്കൊണ്ടുള്ള താൽക്കാലിക ഉത്തരവ് ബിസിഎസ്സി ദീർഘിപ്പിച്ചു.
നിക്ഷേപകർക്ക് സുരക്ഷിതത്വവും നിശ്ചിത ലാഭവിഹിതവും വാഗ്ദാനം ചെയ്താണ് സ്ഥാപനം പണം സ്വീകരിച്ചിരുന്നതെങ്കിലും യഥാർത്ഥത്തിൽ അത്തരം ഉറപ്പുകൾ ഒന്നുമുണ്ടായിരുന്നില്ലെന്ന് കമ്മീഷൻ വ്യക്തമാക്കി. പുതിയ നിക്ഷേപകരിൽ നിന്ന് ലഭിക്കുന്ന പണം ഉപയോഗിച്ച് പഴയ നിക്ഷേപകർക്ക് തുക തിരികെ നൽകുന്ന രീതിയാണ് ഇവിടെ നടന്നിരുന്നത്. 9.5 മില്യൺ ഡോളറിൻ്റെ 32 നിക്ഷേപ കരാറുകൾ പരിശോധിച്ചതിൽ നിന്നും, കമ്പനിക്ക് നിക്ഷേപകർക്ക് പണം തിരികെ നൽകാനുള്ള സാമ്പത്തിക ശേഷിയില്ലെന്നും ഇത്തരം ഫണ്ടുകൾ കമ്പനി അക്കൗണ്ടുകളിലേക്ക് മാറ്റിയെന്നും തെളിഞ്ഞിട്ടുണ്ട്. കൂടാതെ, നിക്ഷേപങ്ങൾ ഒന്നും നിലവിലില്ലെന്ന് സ്ഥാപനത്തിലെ മുൻ ജീവനക്കാരൻ നൽകിയ ഔദ്യോഗിക മൊഴിയിലും വ്യക്തമാക്കുന്നുണ്ട്.
പോർട്ട്ഫോളിയോ മാനേജരുടെ ജീവനക്കാരനിൽ നിന്നും മുൻ ജീവനക്കാരനിൽ നിന്നും ലഭിച്ച വിസിൽബ്ലോവർ പരാതികളുടെ അടിസ്ഥാനത്തിലാണ് വിശദമായ അന്വേഷണം പുരോഗമിക്കുന്നത്. കമ്മീഷൻ്റെ ഈ താൽക്കാലിക വിലക്ക് നീട്ടുന്ന നടപടിയെ ചോദ്യം ചെയ്യില്ലെന്ന് പ്രതിഭാഗം അഭിഭാഷകർ അറിയിച്ചിട്ടുണ്ട്. സിടിവി അടക്കമുള്ള ദേശീയ മാധ്യമങ്ങളിലൂടെ സാമ്പത്തിക ഉപദേശങ്ങൾ നൽകി പ്രശസ്തനായ പീറ്റർ സിഷെക്കിക്കെതിരായ അന്വേഷണം തുടരുകയാണെന്നും ഔദ്യോഗിക വിചാരണയ്ക്കുള്ള നോട്ടീസ് ഉടൻ പുറപ്പെടുവിക്കുമെന്നും ബിസിഎസ്സി അറിയിച്ചു.