ചന്ദ്രനിലേക്ക് ഇടിച്ചിറങ്ങാൻ ഒരുങ്ങി സ്പേസ് എക്സ് റോക്കറ്റ്; അപൂർവ്വ നിമിഷത്തിന് കാതോർത്ത് ശാസ്ത്രലോകം

By: 600110 On: Aug 4, 2026, 9:19 AM

 

ഉപയോശൂന്യമായ ഒരു സ്പേസ് എക്സ് റോക്കറ്റിൻ്റെ ഭാഗം ചന്ദ്രൻ്റെ ഉപരിതലത്തിൽ ഇടിച്ചിറങ്ങാൻ ഒരുങ്ങുന്നു. ഭൂമിയിൽ നിന്നുള്ള ടെലിസ്കോപ്പുകളിലൂടെ തത്സമയം കാണാൻ സാധിച്ചേക്കാവുന്ന ഈ അപൂർവ്വ പ്രതിഭാസത്തിനായി കാത്തിരിക്കുകയാണ് ലോകമെമ്പാടുമുള്ള ജ്യോതിശാസ്ത്രജ്ഞർ.

2025 ജനുവരിയിൽ ബഹിരാകാശത്തേക്ക് വിക്ഷേപിച്ച സ്പേസ് എക്സിന്റെ 'ഫാൽക്കൺ 9' റോക്കറ്റിൻ്റെ രണ്ടാം ഘട്ട ഭാഗമാണ്  ചന്ദ്രനിൽ പതിക്കുന്നത്. സ്വതന്ത്ര ജ്യോതിശാസ്ത്രജ്ഞനായ ബിൽ ഗ്രേയുടെ കണക്കുകൂട്ടലുകൾ പ്രകാരം ഓഗസ്റ്റ് അഞ്ചിന് (ഇന്ത്യൻ സമയം ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് സമയക്രമം) ഇത് ചന്ദ്രനിൽ നേരിട്ട് പതിക്കും. സെക്കൻഡിൽ 2.43 കിലോമീറ്റർ  വേഗതയിലാണ് റോക്കറ്റ് ഭാഗം ചന്ദ്രൻ്റെ സൂര്യപ്രകാശം പതിക്കുന്ന ഭാഗത്ത് വന്ന് ഇടിക്കുക.

കൂട്ടിയിടിയുടെ ആഘാതത്തിൽ പത്ത് ലക്ഷത്തിലധികം കിലോഗ്രാം പാറയും പൊടിയും അന്തരീക്ഷത്തിലേക്ക് ഉയർന്നേക്കാം. ഇത് കുറച്ചു മിനിറ്റുകളോളം നീണ്ടുനിന്നേക്കാനുമിടയുണ്ട്. കൂട്ടിയിടിക്കുന്ന നിമിഷത്തിൽ ചെറിയൊരു മിന്നൽ വെളിച്ചം ഉണ്ടായേക്കാം, എന്നാൽ ചന്ദ്രനിൽ പകൽ സമയമായതിനാൽ ഇത് കാണുക വെല്ലുവിളിയായിരിക്കും. യു.എസ്, കാനഡ, കരീബിയൻ, തെക്കേ അമേരിക്കൻ രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് ഇത് വീക്ഷിക്കാൻ ഏറ്റവും അനുയോജ്യം.

മനുഷ്യൻ നിർമ്മിച്ച വസ്തുക്കൾ ചന്ദ്രനിൽ പതിക്കുന്നത് ഇതാദ്യമല്ല. പണ്ട് നാസയുടെയും യൂറോപ്യൻ സ്പേസ് ഏജൻസിയുടെയും പേടകങ്ങൾ ചന്ദ്രനിൽ പതിപ്പിച്ചിട്ടുണ്ട്. എന്നാൽ വരുംകാലങ്ങളിൽ കൂടുതൽ ബഹിരാകാശ സഞ്ചാരികൾ ചന്ദ്രനിലേക്ക് പോകാനിരിക്കെ, ഇത്തരം കൂട്ടിയിടികളും ഉയർന്നുവരുന്ന പൊടിപടലങ്ങളും ബഹിരാകാശ നിലയങ്ങൾക്കും സഞ്ചാരികളുടെ വസ്ത്രങ്ങൾക്കും എന്തെങ്കിലും തരത്തിലുള്ള ഭീഷണി ഉണ്ടാക്കുന്നുണ്ടോ എന്ന് പഠിക്കുകയാണ് ഈ നിരീക്ഷണത്തിലൂടെ ശാസ്ത്രജ്ഞർ ലക്ഷ്യമിടുന്നത്.