സ്റ്റോണി ട്രെയിലിൽ വാഹനാപകടം: കുട്ടിയുൾപ്പെടെ നാല് പേർ മരിച്ചു

By: 600110 On: Aug 4, 2026, 9:17 AM

 

കാനഡയിലെ സ്റ്റോണി ട്രെയിലിൽ തെറ്റായ ദിശയിൽ വന്ന കാർ മറ്റ് വാഹനങ്ങളുമായി കൂട്ടിയിടിച്ചുണ്ടായ ദാരുണ അപകടത്തിൽ കുട്ടിയുൾപ്പെടെ നാല് പേർ മരിച്ചു. ഞായറാഴ്ച രാത്രി 11 മണിയോടെ 'ത്സൂട്ടിന പാർക്ക്‌വേയ്ക്ക്' സമീപമാണ് അപകടമുണ്ടായത്.

30-കാരൻ ഓടിച്ചിരുന്ന മെഴ്‌സിഡസ് ബെൻസ് കാർ തെറ്റായ ദിശയിലൂടെ വന്ന് എതിർദിശയിൽ വന്ന  ഇംപ്രസ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ രണ്ട് കാറുകൾക്കും തീപിടിച്ചു. മെഴ്‌സിഡസ് ബെൻസിലുണ്ടായിരുന്ന ഡ്രൈവർ, ഒരു സ്ത്രീ, ഒരു കുട്ടി എന്നിവരും, സുബാറു കാറിലുണ്ടായിരുന്ന 43-കാരനായ ഡ്രൈവറുമാണ് സംഭവസ്ഥലത്തുതന്നെ മരിച്ചത്.

അപകടത്തിൽപ്പെട്ട മെഴ്‌സിഡസ് കാറിലേക്ക് പിന്നാലെ വന്ന മറ്റൊരു കാറും (ഷെവർലെ ഇക്വിനോക്സ്) ഇടിച്ചുകയറി. ഈ കാറിലുണ്ടായിരുന്ന സ്ത്രീയെയും മൂന്ന് കുട്ടികളെയും ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമിതവേഗതയും മദ്യപിച്ചു വാഹനമോടിച്ചതുമാകാം അപകടത്തിന് കാരണമെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. പോസ്റ്റ്‌മോർട്ടത്തിന് ശേഷമേ ഇത് ഔദ്യോഗികമായി സ്ഥിരീകരിക്കാനാകൂ.

അപകടത്തിന് മിനിറ്റുകൾക്ക് മുൻപ് ഒരു കാർ തെറ്റായ ദിശയിൽ പോകുന്നതായി ചിലർ പൊലീസിനെ വിളിച്ചറിയിച്ചിരുന്നു. എന്നാൽ പൊലീസ് എത്തുന്നതിന് മുൻപ് തന്നെ ദുരന്തം സംഭവിക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് കാൽഗറി പൊലീസ് അന്വേഷണം നടത്തിവരികയാണ്.